തൃക്കാക്കര നഗരസഭ : സിപിഐ കൗണ്‍സിലര്‍ എം.ജെ. ഡിക്സനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്ന് നീക്കി
1531957
Tuesday, March 11, 2025 7:20 AM IST
കാക്കനാട്: സംഘടനാവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് പുറത്താക്കിയ തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ എം.ജെ. ഡിക്സനെ നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്തു നിന്നും നീക്കി. ഇതു സംബന്ധിച്ച കത്ത് സിപിഐ ജില്ലാ നേതൃത്വം നഗരസഭാ സെക്രട്ടറിക്ക് ഇന്നലെ കൈമാറി. സിപിഐയിലെ മറ്റൊരു കൗണ്‍സിലറായ കെ.എക്സ്. സൈമണ്‍ പകരം ചുമതല നല്കി.
പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുന്ന നിലപാടുകള്‍ സ്വീകരിച്ചുവന്ന ഡിക്സനെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തു നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. മുന്‍ നഗരസഭാ ചെയര്‍പേഴ്സനെ കൗണ്‍സില്‍ ഹാളില്‍ പരസ്യമായി ജാതിപ്പേരു വിളിച്ച് അധിക്ഷേപിച്ചതും പൊതു ശ്മശാനവുമായി ബന്ധപ്പെട്ടു കൗണ്‍സില്‍ യോഗത്തില്‍ ജാതീയ പരാമര്‍ശം നടത്തിയതും വലിയ വിവാദമായിരുന്നു. തുടര്‍ന്നായിരുന്നു ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
തുടര്‍ന്ന് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ഡിക്സനെ നീക്കിയതായി മണ്ഡലം സെക്രട്ടറി രേഖാമൂലം നഗരസഭയ്ക്ക് കത്ത് നല്‍കിയെങ്കിലും ജില്ലാ സെക്രട്ടറിയുടെ രേഖയല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ സ്വീകരിക്കരുതെന്ന് ഡിക്സണ്‍ മുനിസിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇന്നലെ ജില്ലാ സെക്രട്ടറിയുടെ കത്ത് നഗരസഭയ്ക്ക് നല്‍കിയത്.
ജനപ്രതിനിധി ആയിരിക്കെ, കുടുംബശ്രീ വനിതകളുടെ ഹോട്ടല്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ വാര്‍ത്തകള്‍ ശേഖരിച്ചതിന് ഇക്കഴിഞ്ഞ ഡിസംബര്‍ 18 ഇയാള്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതും കാറിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതും വന്‍ വിവാദമായിരുന്നു.