ഉത്തരവ് ലംഘിച്ച് വെടിക്കെട്ട്: മരട് പോലീസ് കേസെടുത്തു
1531933
Tuesday, March 11, 2025 7:05 AM IST
മരട്: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വെടിക്കെട്ട് നടത്തിയതിന് മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ മരട് പോലീസ് കേസെടുത്തു. എക്സ്പ്ലോസീവ് ആക്ട് അനുസരിച്ചാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിട്ടായിരുന്നു വടക്കേ ചേരുവാരത്തിന്റെ വെടിക്കെട്ട് നടന്നത്. വടക്കേ ചേരുവാരം പ്രസിഡന്റ്, സെക്രട്ടറി എന്നിവർക്കും കണ്ടാലറിയാവുന്ന ആളുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. വെടിക്കെട്ടിന് കൂടുതൽ അപകടസാധ്യതയുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വെടിക്കെട്ടിന് ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികൾക്ക് നൽകിയിരുന്നത്. ഇത് ലംഘിച്ചുകൊണ്ടാണ് വെടിക്കെട്ട് നടന്നതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഹൈക്കോടതി ചൈനീസ് പടക്കങ്ങൾക്കാണ് അനുമതി നൽകിയതെന്നാണ് വിവരം. എന്നാൽ ഡൈനാമിറ്റ് അടക്കം ഉപയോഗിച്ചാണ് വെടിക്കെട്ട് നടത്തിയത്.
കൂടാതെ വെടിക്കെട്ട് നടത്താൻ മാങ്കായിൽ സ്കൂളിലെ ഗ്രൗണ്ടിന് അനുമതി വാങ്ങിയിട്ടില്ലെന്നും പറയുന്നു. മരട് നഗരസഭ സെക്രട്ടറിയും മാങ്കായിൽ ഹൈസ്കൂൾ അധികൃതരും ഇതിന് വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുത്തതായും നാട്ടുകാർ പറയുന്നുണ്ട്.