തെലങ്കാന ടണല്‍ അപകടം: മൃതദേഹം കണ്ടെത്തിയത് കൊച്ചി സിറ്റി പോലീസിന്റെ ഡോഗ് സ്ക്വാഡ്
1531958
Tuesday, March 11, 2025 7:20 AM IST
കൊച്ചി: തെലങ്കാനയില്‍ തുരങ്ക നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു കുടുങ്ങിയ എട്ടു തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയത് കൊച്ചി സിറ്റി പോലീസ് കെ 9 ഡോഗ് സ്ക്വാഡിലെ മായയും മര്‍ഫിയും. കഡാവര്‍ നായ്ക്കള്‍ മനുഷ്യഗന്ധം തിരിച്ചറിഞ്ഞ സ്ഥലത്ത് കുഴിച്ചപ്പോള്‍ തുരങ്കത്തിനകത്തെ യന്ത്രത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദേശീയ ദുരന്തനിവരാണ അഥോറിറ്റിയുടെ അഭ്യര്‍ഥനപ്രകാരം കഴിഞ്ഞ ഏഴിനാണ് പോലീസ് നായ്ക്കളുമായി ഹാന്‍ഡ്ലര്‍മാര്‍ എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ തെലങ്കാനയിലേക്ക് തിരിച്ചത്. മണ്ണിനടിയില്‍ നിന്നും മനുഷ്യശരീരം കണ്ടെത്തുന്നതിനുള്ള വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മര്‍ഫിയും. പോലീസ് ഉദ്യോഗസ്ഥരായ പി. പ്രഭാതും കെ.എം. മനേഷുമാണ് മായയുടെ ഹാന്‍ഡ്ലര്‍മാര്‍. മര്‍ഫിയുടെ ഹാന്‍ഡ്ലര്‍മാര്‍ കെ.എസ്. ജോര്‍ജ് മാനുവലും വിനീതും.