അന്പലമേട് കനാൽ പാലം പുനർനിർമാണത്തിന് 56 ലക്ഷം
1531948
Tuesday, March 11, 2025 7:12 AM IST
കോലഞ്ചേരി: വടവുകോട്- പുത്തൻകുരിശ് പഞ്ചായത്തിലെ അമ്പലമേട് കനാൽ പാലം പുനർ നിർമാണത്തിന് 56 ലക്ഷം അനുവദിച്ചു. ഫാക്ട് ക്ലബ് ഗേറ്റിൽ നിന്ന് ചാലിക്കര, പുറ്റുമാനൂർ, വേളൂർ പ്രദേശങ്ങളിലേക്ക് പോകുന്ന റോഡിൽ സ്ഥിതി ചെയ്യുന്ന കനാൽ പാലം പൊളിച്ചു പണിയുന്നതിന് അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപ അനുവദിച്ചു.
പെരിയാർ വാലി കനാലിന് കുറുകെയുള്ള ഈ പാലത്തിലൂടെയാണ് ബിപിസിഎൽ ചാലിക്കര ഗേറ്റിലേക്കുള്ള വാഹനങ്ങളും, നിരവധി സ്കൂൾ ബസുകളും സഞ്ചരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് ദുർബലാവസ്ഥയിലായ ഈ പാലം പുനർ നിർമിക്കണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
നവകേരള സദസിലും ഈ ആവശ്യം ഉന്നയിച്ച് നിരവധി പരാതികളാണ് ലഭിച്ചത്.നടപടികൾ പൂർത്തിയാക്കി എത്രയും വേഗം പ്രവൃത്തി ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.