സർജിക്കൽ ബ്ലേഡിന് ആക്രമണം: യുവാവിനെ റിമാൻഡ് ചെയ്തു
1531937
Tuesday, March 11, 2025 7:05 AM IST
വൈപ്പിൻ: സഹോദരീ ഭർത്താവിനെയും ഇയാളുടെ ബന്ധുക്കളെയും സർജിക്കൽ ബ്ലേഡും സ്ക്രൂ ഡ്രൈവറും കൊണ്ട് ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. പള്ളിപ്പുറം കൊല്ലം കോട് വീട്ടിൽ സഞ്ജു (25) ആണ് റിമാൻഡിലായത്.
തൃശൂർ സ്വദേശി സിനോജ്, സഹോദരൻ സിജു, ബന്ധു സനു എന്നിവരെ ചെറായി ബീച്ചിൽവച്ച് കാർ തടഞ്ഞുനിർത്തിയാണ് പ്രതി ആക്രമിച്ചത്. സഹോദരീ ഭർത്താവ് നടത്താൻ ഉദ്ദേശിക്കുന്ന റിസോർട്ടിന്റെ നടത്തിപ്പ് ചുമതല നൽകാത്തതിലുള്ള വിരോധമാണ് ആക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
മുനമ്പം സിഐ കെ.എസ്. സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വധശ്രമത്തിനു കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേസമയം സഞ്ജുവിനെ ടോർച്ചുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ സിനോജ്, സിജു, സനു എന്നിവർക്കെതിരെ കൗണ്ടർ കേസും മുനമ്പം പോലീസ് ചാർജ് ചെയ്തിട്ടുണ്ട്.