നെച്ചൂർ മോഷണം: പോലീസ് ഇരുട്ടിൽ തപ്പുന്നു
1514011
Friday, February 14, 2025 2:54 AM IST
പിറവം: നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവനും രണ്ടുലക്ഷം രൂപയും കവർന്ന സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചന പോലും ലഭിക്കാതെ പോലീസ്. ഐക്യനാമ്പുറത്ത് ബാബു ജോണിന്റെ കുടുംബം ചൊവ്വാഴ്ച രാത്രി പെരുന്നാൾ കൂടുവാൻ പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. വീട്ടിൽനിന്നും ഫിംഗർ പ്രിന്റുകൾ ഒന്നും ലഭിക്കാതിരുന്നതിനാൽ പ്രതികൾ കൈയുറകൾ ധരിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
തയാറെടുപ്പോടെ നടത്തിയ മോഷണത്തിലേക്കാണ് സംഭവം വിരൽചൂണ്ടുന്നത്. മോഷണം നടന്ന വീട്ടിലെ സിസി ടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. സമീപത്തെ വീടുകളിലെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സിസി ടിവി പോലീസ് പരിശോധിക്കുന്നുണ്ടെങ്കിലും പെരുന്നാൾ ദിവസമായതിനാൽ നിരവധിയാളുകൾ ഇതുവഴി സഞ്ചരിച്ചിരുന്നതും വെല്ലുവിളി ഉയർത്തുന്നുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി നെച്ചൂരിലെ പള്ളികളിലെ പെരുന്നാളിന് രാത്രി മോഷണം പതിവാണ്. കഴിഞ്ഞ വർഷം നിർക്കുഴി ഭാഗത്തുള്ള വീട്ടിൽ കയറി സ്വർണവും പണവും കവർന്നിരുന്നു. പുറത്തു നിന്നുമെത്തുന്ന മോഷ്ടാക്കളല്ലന്നാണ് പോലീസിന്റെ നിഗമനം.
വീട്ടിൽ ബാബുവും ഭാര്യയും മാത്രമാണ് താമസം. രണ്ടു മക്കളിൽ ഒരാൾ വിദേശത്തും മറ്റൊരാൾ കൊച്ചിയിലുമാണ് താമസം. ഇവർ രാത്രിയിൽ പള്ളിയിൽ പോയി മടങ്ങിയ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മോഷണം നടന്നിരുന്നു.
ഇവരുടെ പോക്കും വരവും വ്യക്തമായി മനസിലാക്കിക്കൊണ്ട് നടത്തിയ മോഷണത്തിന് പിന്നിൽ പ്രദേശവാസികളുടെ സഹായമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ കുറെ നാളുകളായി പിറവം മേഖലയിൽ നടക്കുന്ന മോഷണ പരമ്പരകളിൽ ഒന്നു പോലും പോലീസിന് തെളിയിക്കാനായിട്ടില്ല.