ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
1514009
Friday, February 14, 2025 2:54 AM IST
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൈനാപ്പിൾ വ്യാപാരികൾ ചുമട്ടു തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പൈനാപ്പിൾ മാർക്കറ്റിൽ ലോറിയിൽ ലോഡ് കയറ്റുന്നതിന് ആവശ്യമായ തൊഴിലാളികളെ ക്ഷേമ ബോർഡ് ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
മാർക്കറ്റിൽ എത്തിച്ചേരുന്ന പൈനാപ്പിൾ യഥാസമയം കയറ്റിവിടുന്നതിന് സാധിക്കാത്തതിനാൽ വ്യാപാരികൾ ഗണ്യമായ നഷ്ടം നേരിടുകയാണ്. ഇക്കാര്യം സംബന്ധിച്ച് പലതവണ ക്ഷേമ ബോർഡിലും യൂണിയൻ നേതാക്കൾക്കും പരാതി നൽകിയിട്ടും തൊഴിലാളികളുടെ കുറവിന് പരിഹാരം ഉണ്ടാക്കിയിട്ടില്ല. 25 തൊഴിലാളികളെങ്കിലും ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമുണ്ടെങ്കിലും ശരാശരി 15 ൽ താഴെ തൊഴിലാളികളെ മാത്രമാണ് ലഭിക്കുന്നത്.
പ്രതിഷേധ മാർച്ച് ടൗണ്‍ ചുറ്റി ക്ഷേമനിധി ബോർഡിന് മുന്പിൽ എത്തി. തുടർന്നാണ് ധർണ നടത്തിയത്. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ധർണ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിമ്മി തോമസ് അധ്യക്ഷത വഹിച്ചു.