കോണ്‍ഗ്രസ് ജനസംരക്ഷണ യാത്ര 18നും 19നും കോതമംഗലത്ത്
1514005
Friday, February 14, 2025 2:50 AM IST
കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം - കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ പ്രസിഡന്റുമാരായ ഷമീർ പനക്കൽ, ബാബു ഏലിയാസ് എന്നിവർ നയിക്കുന്ന ജനസംരക്ഷണയാത്ര 18നും 19നും നിയോജക മണ്ഡലത്തിൽ പര്യടനം നടക്കും. വന്യമൃഗ ശല്യത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടും കോതമംഗലം നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെയുമാണ് കോതമംഗലം നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും നഗരസഭയിലും ജനസംരക്ഷണ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
നിയോജകമണ്ഡലത്തിലെ വികസന സ്വപ്ന പദ്ധതികളായിരുന്ന താങ്കളം - കാക്കനാട് പാത, ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം, ഭൂതത്താൻകെട്ട് ജലവൈദ്യുത പദ്ധതി, പൊതുശ്മശാനം, കോതമംഗലം ടൗണ്‍ ഹാൾ, നിയോജക മണ്ഡലത്തിലെ റോഡുകളുടെ നവീകരണം തുടങ്ങി ഒൻപത് വർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളെല്ലാം പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 18നും 19നും നിയോജകമണ്ഡലത്തിന്റെ എട്ടു പഞ്ചായത്തുകളിലും നഗരസഭയിലും ജനസംരക്ഷണയാത്രയ്ക്ക് സ്വീകരണം ഒരുക്കും.
18ന് കോട്ടപ്പടിയിൽനിന്ന് ആരംഭിച്ച് ചെറുവട്ടൂരും 19ന് കുട്ടന്പുഴയിൽനിന്ന് ആരംഭിച്ച് അടിവാടും യാത്ര സമാപിക്കും. രണ്ടു ദിവസങ്ങളിലായി ഡീൻ കുര്യാക്കോസ് എംപി, റോജി എം. ജോണ്‍ എംഎൽഎ, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുക്കും.