ആശുപത്രി സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവം : പോലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും
1513998
Friday, February 14, 2025 2:50 AM IST
മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച സംഭവത്തിൽ ക്രൈം ബ്രാഞ്ച് സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെഫീഖിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും. സംഭവത്തിൽ അറസ്റ്റിലായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഷെഫീഖ് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
ഇദ്ദേഹത്തിന്റെ പ്രവൃത്തികൾ പോലീസ് സേനയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും നിയമം സംരക്ഷിക്കേണ്ടവർ നിയമ ലംഘനം നടത്തിയെന്നും പോലീസ് സേനയിൽനിന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം സബൈൻ ആശുപത്രിയിൽ വാഹന പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെതുടർന്ന് ഷെഫീഖ് സെക്യൂരിറ്റി ജീവനക്കാരെ മർദിച്ചുവെന്നാണ് കേസ്.
സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് നിയമ ലംഘനം ഉണ്ടായിട്ടുണ്ടെന്നാണു രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥിമക അന്വേഷണത്തിലും വ്യക്തമായിരിക്കുന്നത്. ഇതിന്റെ റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് ഉടൻ നൽകും. ഇതിനു ശേഷം അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.