പെരുന്പാവൂരിലെ ബസുകളുടെ മരണപ്പാച്ചിലിനെതിരേ യൂത്ത് കോൺ.
1513991
Friday, February 14, 2025 2:35 AM IST
പെരുമ്പാവൂര്‍: ബസ് ഡ്രൈവര്‍മാരുടെ മരണപ്പാച്ചിലിനെതിരേയും യാത്രക്കാരുടെ ജീവനും സ്വത്തിനും യാതൊരു സുരക്ഷിതത്വവും ഉറപ്പാക്കാതെ അശ്രദ്ധമായി സര്‍വീസ് നടത്തുന്നതിനെതിരേയും യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോയിന്റ് ആര്‍ടിഒ എസ്. അരവിന്ദന് പരാതി നല്കി.
പെരുമ്പാവൂര്‍ ഭാഗത്തുനിന്നും കോലഞ്ചരി, മുവാറ്റുപുഴ, തൃപ്പുണിത്തുറ ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ യാത്രക്കാരുടെയും പൊതുജനത്തിന്റെയും ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ നടത്തുന്ന മരണപ്പാച്ചിലിലും വേണ്ടത്ര ജീവനക്കാരോ സുരക്ഷാമാനദണ്ഡങ്ങളോ പാലിക്കാതെ നടത്തുന്ന സര്‍വീസിലും നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
പലപ്പോഴും ഡോറുകളില്‍ ജീവനക്കാര്‍ ഇല്ലാതെയും ഓട്ടോമാറ്റിക്ക് ഡോര്‍ അടയ്ക്കാതെയുമാണ് ചില ബസുകൾ സര്‍വീസ് നടത്തുന്നതെന്നു പരാതിയിൽ പറയുന്നു. യൂത്ത് കോണ്‍. വെങ്ങോല മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മേപ്പറമ്പത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് താജു കുടിലി, മണ്ഡലം സെക്രട്ടറി റസാഖ്, ശരത് അല്ലപ്ര എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു