പൊന്നംപറമ്പ് യൂടേൺ മുന്നറിയിപ്പില്ലാതെ അടച്ചുകെട്ടി
1513988
Friday, February 14, 2025 2:35 AM IST
നെടുമ്പാശേരി: ദേശീയപാതയിൽ പൊന്നംപറമ്പിലെ യൂടേൺ എൻഎച്ച് അഥോറിറ്റി അധികൃതർ അടച്ചു കെട്ടി. ദേശീയ പാത നാലുവരിപാതയായതു മുതൽ ഉണ്ടായിരുന്ന പൊന്നം പറമ്പ് യൂടേൺ പഞ്ചായത്ത് അധികൃതരേയോ പ്രദേശവാസികളെയോ അറിയിയ്ക്കാതെ വ്യാഴാഴ്ച പുലർച്ചെയാണ് എൻഎച്ച് അധികൃതർ അടച്ചു കെട്ടിയത്.
റോഡിന് വടക്കുഭാഗം വിദ്യാധിരാജ സ്കൂൾ, ഉണ്ണിയേടത്ത് കാവിലമ്മ ക്ഷേത്രം, സെന്റ് ഇഗ്നേഷ്യസ് പള്ളി എന്നിവിടങ്ങളിലേയ്ക്കും ആയിരത്തിലധികം വീടുകളിലേയ്ക്കും ദേശീയ പാതയിൽ നിന്ന് തിരിഞ്ഞ് പോയിരുന്നത് ഈ യൂടേണിൽ നിന്നാണ്. കിലോമീറ്ററുകൾ സഞ്ചരിച്ചു വേണം ഇനി ഇവിടങ്ങളിൽ എത്തിച്ചേരാൻ. റോഡ് നിർമാണ ഘട്ടത്തിൽ പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടതിനാലാണ് ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ യൂടേൺ പൊന്നംപറമ്പിൽ നിർമിച്ചത്.
എന്നാൽ ഇതു സംബന്ധിച്ച് യാതൊരു മുന്നറിയിപ്പുമില്ലാതെ എൻഎച്ച് അധികൃതർ യൂടേൺ അടച്ചു കെട്ടിയത് പ്രതിഷേധാർഹമാണെന്നും ജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ യൂടേൺ പുന:സ്ഥാപിയ്ക്കണമെന്നും സിപിഎം നെടുമ്പാശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.സി. സോമശേഖരൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.