നിർദിഷ്ട ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതി : പതിനൊന്നാം വർഷം നിർമാണം തുടങ്ങുന്നു
1513977
Friday, February 14, 2025 2:31 AM IST
പദ്ധതി പ്രദേശത്തുനിന്ന് ഒഴിയാൻ മടിച്ച് വ്യാപാരികൾ
ആലുവ: പതിനൊന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതിയുടെ നിർമാണം ആരംഭിക്കുന്നു. അടുത്ത ആഴ്ച ആലുവയിലെത്തുന്ന മുഖ്യമന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് ആലുവ നഗരസഭ ഒരുക്കങ്ങൾ നടത്തുന്നത്.
2014 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി രണ്ടരയേക്കർ സ്ഥലത്ത് തറക്കല്ലിട്ട പദ്ധതിയാണിത്. ബാങ്ക് വായ്പ അടക്കം ധനസഹായങ്ങൾ ലഭിക്കാൻ പലരീതിയിൽ തടസം വന്നതോടെയാണ് പദ്ധതി നീണ്ടു പോയത്.
കേന്ദ്ര- സംസ്ഥാന മന്ത്രിമാർ മാറി മാറി പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തി വാഗ്ദാനങ്ങൾ നടത്തിയെങ്കിലും ഗുണമുണ്ടായില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയിൽ നിന്നും 30 കോടി രൂപ അനുവദിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻ വച്ചിരിക്കുന്നത്. 50 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 30 കോടി രൂപ കഴിഞ്ഞുള്ള ബാക്കി തുകയിൽ 15 കോടി കേരള സർക്കാരും അഞ്ചു കോടി രൂപ ആലുവ മുനിസിപ്പാലിറ്റിയുമാണ് വഹിക്കുക.
അതേസമയം നിർദിഷ്ട പദ്ധതി പ്രദേശത്ത് നിന്ന് വ്യാപാരികൾ മാറിക്കൊടുക്കാൻ ഇതുവരെയും തയാറായിട്ടില്ല. കഴിഞ്ഞ ഡിസംബർ 26നകം സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് 51 കച്ചവടക്കാർക്ക് നഗരസഭ നോട്ടീസ് നൽകിയെങ്കിലും വ്യാപാരികൾ ഇതിനെതിരായി കോടതിയെ സമീപക്കുകയായിരുന്നു.
നിർമാണം തുടങ്ങുംമുന്പ് വ്യാപാരികളെ അനുനയിപ്പിച്ച് ഒഴിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് നഗരസഭാ അധികൃതർ. കെട്ടിട നിർമാണ പദ്ധതിയിലേക്ക് മുറി വാടക എന്ന നിലയിൽ മുൻകൂർ തുക നൽകിയിരിക്കുന്നതിനാൽ പുതിയ സ്ഥലത്തേക്ക് താത്കാലികമായി മാറ്റുമ്പോൾ വാടക നൽകാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ പത്ത് വർഷം മുമ്പ് അഡ്വാൻസ് നൽകിയ 80 ഓളം കച്ചവടക്കാരുണ്ട്.
പലിശ ഉപയോഗിച്ച് താത്കാലിക ഷെഡ് തയാറാക്കി തന്നാൽ മാറാമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ ഈ തുക വകമാറ്റി ചെലവഴിച്ചതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.