നിയന്ത്രണംവിട്ട കാർ കലുങ്കിൽ ഇടിച്ചുനിന്നു; ഒഴിവായത് വൻ ദുരന്തം
1513976
Friday, February 14, 2025 2:31 AM IST
മട്ടാഞ്ചേരി: നിയന്ത്രണംവിട്ട കാർ അപ്രോച്ച് റോഡിന്റെ കലുങ്കിൽ ഇടിച്ച് കയറി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാർ ഡ്രൈവറായ ജീമോന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് കാർ നിയന്ത്രണം വിടാൻ കാരണമെന്ന് പറയുന്നു. ഇയാളെ ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ഫോർട്ടുകൊച്ചി കൽവത്തി ചുങ്കം പാലത്തിലായിരുന്നു അപകടം. മട്ടാഞ്ചേരി ഭാഗത്ത് നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പാലം പുതുക്കി പണിതതോടെ അപ്രോച്ച് റോഡിന്റെ ഉയരം കൂടുകയും കലുങ്കിന്റെ ഉയരം കുറയുകയും ചെയ്തു.
അപ്രോച്ച് റോഡിന്റെ താഴെ നിരവധി വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഈ ഭാഗത്ത് കൂടി കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. കാർ താഴേക്ക് പതിച്ചിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.