തോട്ടിൽ യുവാവിന്റെ മൃതദേഹം : മൂന്നു യുവാക്കൾ അറസ്റ്റിൽ
1513975
Friday, February 14, 2025 2:21 AM IST
തൃപ്പൂണിത്തുറ: പുഴയോട് ചേർന്ന തോട്ടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. എരൂർ വെസ്റ്റ് പെരീക്കാട് പി.ബി. ഷൈഗാളിന്റെ മകൻ തമ്പി എന്നു വിളിക്കുന്ന സനൽ (43) കൊല്ലപ്പെട്ട കേസിലാണ് എരൂർ വെസ്റ്റ് സ്വദേശികളായ പെരീക്കാട് പി.സി. ജിഷി (36), പി.എം. കിരൺ (31), പ്രജിൻ (35) എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
സുഹൃത്തുക്കളും ബന്ധുക്കളുമായ സംഘം കഴിഞ്ഞ 11ന് രാത്രി പെരീക്കാട് ഫിഷ് ലാന്റിംഗ് സെന്ററിന് സമീപമിരുന്ന് മദ്യപിക്കുകയും തുടർന്നുണ്ടായ വാക്കുതർക്കം അടിപിടിയിലും കൊലപാതക ത്തിലും കലാശിക്കുകയുമായിരുന്നു. 12ന് പുലർച്ചെ 1.30 ഓടെ ഇവിടെ നിന്നും വലിയ ശബ്ദമുണ്ടായതിനെത്തുടർന്ന് തൊട്ടടുത്ത വീട്ടുകാർ സംഭവം പോലീസിൽ വിളിച്ചറിയിച്ചു. തുടർന്ന് പരിസരവാസികളും പോലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് പുഴയോട് ചേർന്ന തോടിന്റെ ഭാഗത്ത് വെള്ളത്തിലും ചെളിയിലുമായി കമിഴ്ന്നു കിടക്കുന്ന നിലയിൽ സനലിന്റെ മൃതദേഹം കണ്ടെത്തിയത്.
നാലുപേരടങ്ങിയ സംഘത്തിൽ രണ്ടുപേർ പോയതിനു ശേഷം സനലും ജിഷിയും തമ്മിൽ അടിപിടിയുണ്ടായെന്നാണ് പോലീസ് കരുതിയിരുന്നത്. എന്നാൽ സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ജിഷിയെ കസ്റ്റഡിലെടുത്ത് പോലീസ് പിന്നീട് അന്വേഷണത്തിലാണ് മറ്റ് രണ്ടുപേർ കൂടി സംഭവത്തിലുൾപ്പെട്ടതായി കണ്ടെത്തിയത്. കരയിലുണ്ടായിരുന്ന വള്ളത്തിലിരുന്ന് സംഘം മദ്യപിക്കുന്നതിനിടെ അടിപിടിയുണ്ടായതായി പോലീസ് പറഞ്ഞു.
കിരണിന്റെ ചുമലിലും ജിഷിയുടെ കൈയിലും സനൽ കടിച്ച് മുറിവേൽപ്പിച്ചതായും കിരണും പ്രജിനും കൂടി ബൈക്കിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.