ആശയക്കുഴപ്പമുള്ള ഇന്‍ഷ്വറന്‍സ് വ്യവസ്ഥകള്‍ : ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണം: ഉപഭോക്തൃ കോടതി
1513973
Friday, February 14, 2025 2:21 AM IST
കൊച്ചി: ഇൻഷ്വറന്‍സ് പോളിസിയിലെ വ്യവസ്ഥകളില്‍ ആശയക്കുഴപ്പമോ രണ്ട് തരത്തിലുള്ള വ്യാഖ്യാനത്തിനോ സാധ്യത ഉണ്ടെങ്കില്‍ ഉപഭോക്താവിന് അനുകൂലമായി തീരുമാനമെടുക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ പരാതിക്കാരിയുടെ ചികിത്സാ ചെലവ് പൂര്‍ണമായും നല്‍കാത്ത ഇന്‍ഷ്വറൻസ് കമ്പനിയുടെ നിലപാട് സേവനത്തിലെ ന്യൂനതയും അധാര്‍മികവുമാണെന്നും കോടതി വിലയിരുത്തി. നാഷണല്‍ ഇൻഷ്വറന്‍സ് കമ്പനിക്കെതിരെ മുക്കന്നൂര്‍ സ്വദേശി ഡെയ്സി ജോസഫ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വലതെ മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാണ് പരാതിക്കാരി വിധേയയായത്. ചികിത്സയ്ക്ക് 2.26 ലക്ഷം രൂപ ചെലവായി. എന്നാല്‍ ഇൻഷ്വറന്‍സ് കമ്പനി 77,063/ രൂപ മാത്രമേ നല്കിയുള്ളൂ.
ബാക്കി തുകയായ 1,49,054 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. ന്യായമായ കാരണം ഇല്ലാതെയാണ് പരാതികാരിക്ക് ഇന്‍ഷ്വറന്‍സ് കമ്പനി ചികിത്സാ ചെലവ് നിഷേധിച്ചതെന്ന് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
ഇൻഷ്വറന്‍സ് പ്രകാരമുള്ള ബാക്കി തുകയായ 1,49,054 രൂപ, നഷ്ടപരിഹാരം, കോടതി ചെലവ് ഇനങ്ങളില്‍ 10,000 രൂപയും 45 ദിവസത്തിനകം പരാതിക്കാരിക്ക് നല്കാന് എതിര്‍കക്ഷിക്ക് കോടതി ഉത്തരവ് നല്കി.