ഉള്ത്തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സര്‍വേ
1513970
Friday, February 14, 2025 2:21 AM IST
കൊച്ചി: ജില്ലയിലെ ഉള്ത്തോടുകളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി സര്‍വേ വരുന്നു. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പൈലറ്റ് പദ്ധതി എന്ന നിലയ്ക്ക് ചെല്ലാനം പ്രദേശത്താണ് സര്‍വേ ആരംഭിക്കുക. കൈയേറ്റം ഒഴിപ്പിച്ചാല്‍ തോടുകളുടെ ഒഴുക്ക് സുഗമമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
സാധ്യമായ ഇടങ്ങളില്‍ ഡ്രഡ്ജിംഗ് നടത്തണമെന്നും പാടശേഖരങ്ങളിലെ ബണ്ടുകള്‍ ഉയര്‍ത്തണമെന്നും തോടുകളുടെ ബണ്ട് സംരക്ഷിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ പറഞ്ഞു. പതിവിലും വിപരീതമായി ഇക്കുറി വേലിയേറ്റം ശക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വീരന് പുഴയിലെ മണല്‍ നീക്കി ആഴം കൂട്ടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ഇതിനായി ദേശീയപാത അഥോറിറ്റിയുമായി ബന്ധപ്പെടും. ഇവിടത്തെ മണല്‍ ദേശീയപാത നിര്‍മാണത്തിന് ഉപകരിക്കുമോ എന്നാണ് നോക്കുന്നത്.
ജില്ലയിലെ തീരപ്രദേശത്തെ മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ തന്നെ പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. ഓരോ പ്രദേശത്തിന്റെയും സംരക്ഷണം ഉറപ്പാക്കുന്നതിനായി പരമാവധി ഫണ്ട് ലഭ്യമാക്കാന്‍ ശ്രമിച്ചു വരുന്നതായും സമയബന്ധിതമായി തന്നെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക എന്നതാണ് ലക്ഷ്യമെന്നും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.