കൊച്ചി വിമാനത്താവളത്തിൽ 4.77 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
1513968
Friday, February 14, 2025 2:21 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 4.77 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് എയർ ഇന്റെലിജൻസ് വിഭാഗം പിടിച്ചെടുത്തത്. തായ്ലൻഡിൽ നിന്നും എത്തിയ പഞ്ചാബ് ലുഥിയാന സ്വദേശി സൽവിന്ദർ സിംഗ് നേഗി എന്ന യാത്രക്കാരനാണ് മയക്കുമരുന്നുമായി പിടിയിലായത്. 15.9 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇയാളുടെ ബാഗേജിൽ ഒളിപ്പിച്ചിരുന്നത്. ഒരു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവിന് 30 ലക്ഷം രൂപയോളം വില വരുമെന്നാണ് കണക്കാക്കുന്നത്.
ബാങ്കോക്കിൽ നിന്നും തായ് എയറിന്റെ വിമാനത്തിലാണ് ഇയാൾ എത്തിയത്. മയക്കുമരുന്ന് കടത്തുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്താനായത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് സബ്ജയിലിൽ റിമാൻഡ് ചെയ്തു. വിമാനത്താവളത്തിന് കഴിഞ്ഞ ദിവസം ബോംബ് ഭീഷണി സന്ദേശം എത്തിയതിനാൽ ഇന്നലെ കർശനമായ പരിശോധനയാണ് ഏർപ്പെടുത്തിയിരുന്നത്.