ലഹരിക്കടിപ്പെട്ട് പോലീസ് ജീപ്പിന്റെ ചില്ലു തകര്‍ത്തു; യുവാവും യുവതിയും അറസ്റ്റില്‍
1513967
Friday, February 14, 2025 2:21 AM IST
കൊച്ചി: അര്‍ധരാത്രി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കത്തിക്കാണിച്ച് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ഫോണ്‍ കോളിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ ജീപ്പിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പാലാരിവട്ടം കടന്ത്ര വീട്ടില്‍ പ്രവീണ്‍(28), കോഴിക്കോട് കല്ലില്‍ വീട്ടില്‍ റെസിലി(23) എന്നിവരെയാണ് പാലാരിവട്ടം സിഐ കെ.ആര്. രൂപേഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇന്നലെ പുലര്‍ച്ചെ 12.30 ന് പാലാരിവട്ടം സംസ്കാര ജംഗ്ഷനിലായിരുന്നു സംഭവം. എസ്ഐ മിഥുന് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലര്‍ച്ചെ പട്രോളിംഗ് നടത്തുന്നതിനിടെയാണ് തമ്മനത്ത് രണ്ടുപേര്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കത്തികാണിച്ച് വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്ന ഫോണ്‍ കോള്‍ ലഭിച്ചത്.
അവിടെയെത്തിയ പോലീസ് സംഘം ലഹരിക്കടിമപ്പെട്ട് ബഹളം ഉണ്ടാക്കിയ പ്രവീണിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവീണും റെസിലിയും പോലീസിനെ കായികമായി തടഞ്ഞു. പ്രവീണിനെ കീഴ്പ്പെടുത്തിയ പോലീസിനെ റെസിലി അസഭ്യം പറയുകയും പോലീസുകാരെ പിടിച്ചു തള്ളുകയും ചെയ്തു.
തുടര്‍ന്ന് ഇവര്‍ പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.