ലഹരി നുരയുന്ന കൊച്ചി : ഒന്നര മാസത്തിനിടെ ലഹരി കേസുകളില്‍ അറസ്റ്റിലായത് 202 പേർ
1513966
Friday, February 14, 2025 2:21 AM IST
82,917.64 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു
കൊച്ചി: പോലീസും എക്സൈസും നിരന്തരം പരിശോധന നടത്തിയിട്ടും കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ നഗരത്തില്‍ ലഹരിക്കേസുകളില്‍ അറസ്റ്റിലായത് 202 പേര് . 2025 ജനുവരി ഒന്നു മുതല്‍ ഫെബ്രുവരി 10 വരെ കൊച്ചി സിറ്റി ഡാന്‍സാഫ് വിവിധ സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ അറസ്റ്റിലായത്. ഇക്കാലയളവില്‍ 175 എന്‍ഡിപി എസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ലഹരി ഉത്പന്നങ്ങളില്‍ കഞ്ചാവാണ് കൂടുതലായി പിടിച്ചെടുത്തത്. 82,917.64 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി. 502 .3567 ഗ്രാം എംഡിഎംഎയും 17.22 ഗ്രാം ഹാഷിഷ് ഓയിലും ഒരു ഗ്രാം ഹാഷിഷുമാണ് ഇക്കാലയളവില്‍ പിടിച്ചെടുത്തത്. 18.457 ഗ്രാം എല്‍എസ്ഡി ഷുഗര്‍ ക്യൂബ്സ്, 2.11 ഗ്രാം ബ്രൗണ്‍ ഷുഗര്‍ എന്നിവയും നര്‍ക്കോട്ടിക് സെല്‍ എസി അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടിച്ചെടുത്തു.
മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗരൂകരാകണം
സുജമോള്‍ ജോസ്,
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്
ലഹരിഉപയോഗം മൂലം കുട്ടിക്കൊലയാളികളുടെയും ക്രിമിനലുകളുടെയും നാടായി നമ്മുടെ കേരളം മാറിയിരിക്കുന്നു. മാനസികാരോഗ്യത്തിന്റെ അഭാവം കൊണ്ടുതന്നെ ഇവയുടെ പ്രലോഭനങ്ങളില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പെട്ടെന്ന് വീഴുന്നു. കുട്ടികള്‍ കടന്നുപോകുന്ന, പഠനം ഉള്‍പ്പെടെയുള്ള മേഖലകളിലെ സമ്മര്‍ദങ്ങളും പിയര്‍ ഗ്രൂപ്പ് പ്രഷറും എളുപ്പത്തില്‍ അവരെ ലഹരിയുടെ വലയില്‍ വീഴ്ത്തുന്നു. സ്വയം നശിക്കുന്നതോടൊപ്പം അവര്‍ കുടുംബത്തിനും സമൂഹത്തിനും ഭീഷണിയായി മാറുന്നു.
ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കള്‍ കണ്മുമ്പില് ഇല്ലാതാകുന്നത്, സ്വബോധം നഷ്ടപ്പെട്ടവരായി ജീവിക്കുന്നത്, കൊല്ലിനും കൊലയ്ക്കും മടിയില്ലാത്തവരായി മാറുന്നത് ഞെട്ടലോടെ മാത്രമേ നോക്കിക്കാണാന്‍ കഴിയൂ. ലഹരിയുടെ അടിമത്വത്തില്‍ നിന്ന് ഇവരെ മോചിപ്പിക്കാന്‍, പുനരധിവസിപ്പിക്കാന്‍ നമുക്കോരോരുത്തര്‍ക്കും കടമയുണ്ട്. ലഹരിക്ക് ഏതെങ്കിലും തരത്തില്‍ അവര്‍ അടിമപ്പെട്ടിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ ഡി അഡിക്ഷന് ട്രീറ്റ്മെന്റുകളും നിരന്തരമായ കൗണ്‍സിലിങ്ങും വഴി അവരെ തിരിച്ചു കൊണ്ടുവരാം.
മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ ജാഗ്രതയോടെ മക്കളെ നിരീക്ഷിക്കുക എന്നത് തന്നെയാണ് പ്രധാനം. പെരുമാറ്റത്തിലോ,സ്വഭാവത്തിലോ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം കണ്ടാല്‍ നിസാരമായി അവഗണിക്കാതെ, എത്രയും പെട്ടെന്ന് അവര്‍ക്ക് ആവശ്യമായ വിദഗ്ധസഹായം ലഭ്യമാക്കുക. വായനയുടെയും സ്പോര്ട്സിന്റെയും കുടുംബ സ്നേഹത്തിന്റെയും ലഹരിയിലേക്ക് നമ്മുടെ കുഞ്ഞുമക്കളുടെ മനസുകളെ തിരിച്ചുവിടാം.
രാസലഹരികളുടെ വര്‍ധന സര്‍ക്കാരിന്റെ പിടിപ്പുകേടായി കാണേണ്ടിവരും
അഡ്വ. ചാര്‍ളി പോള്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
കേരള മദ്യ വിരുദ്ധ ഏകോപന സമിതി
കേരളം ലഹരി കേന്ദ്രമായി മാറുകയാണ്. രാസലഹരികളുടെ ഉപഭോഗവും വ്യാപനവുമാണ് ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി.ലഹരിക്ക് അടിപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഒപ്പം ക്രൂരത, കൊലപാതകങ്ങള്‍, മോഷണം, ആത്മഹത്യ, റോഡപകടങ്ങള്‍, കുറ്റകൃത്യങ്ങള്‍ എന്നിവ പെരുകുന്നു. ലഹരിയുടെ അടിമത്തം സമ്പൂർണ നാശം വിതയ്ക്കുന്നു.
രാസലഹരികളുടെ വര്‍ധന സര്‍ക്കാരിന്റെ പിടിപ്പുകേടായി കാണേണ്ടിവരും. രാസലഹരികള്‍ എലിക്കെണിപോലെയാണ്. പെട്ടാല്‍ പെട്ടു. കടലും കരയും ആകാശവും ഒരുപോലെ ഉപയോഗിച്ചാണ് ലഹരിക്കടത്ത്. അവരുടെ തായ് വേരുകള്‍ അറുത്തു മാറ്റാന്ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം.