പശ്ചിമ കൊച്ചിയിലെ ലഹരിവേട്ട: ഒരാള്‍ കൂടി അറസ്റ്റിൽ
1511959
Friday, February 7, 2025 4:45 AM IST
കൊച്ചി: പശ്ചിമ കൊച്ചിയില്‍നിന്ന് പോലീസ് എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തോപ്പുംപടി കരുവേലിപ്പടി സ്വദേശി ഇസ്മയില്‍ സേഠ്(24) നെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയില്‍ പശ്ചിമ കൊച്ചിയില്‍ വിവിധ സ്ഥലങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയില്‍, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുമായി ആറു പേരെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന യുവതിയെയും പോലീസ് പിടികൂടി.
ഈ യുവതിയെ വിതരണത്തിനായി വാഹനത്തില്‍ എത്തിച്ചിരുന്നത് ഇസ്മയില്‍ സേഠാണ്. കൂടാതെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഇയാളുടെ അക്കൗണ്ടില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.എ. ഷിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.