തട്ടിപ്പിന്റെ ഉത്തരവാദിത്വം അനന്തുകൃഷ്ണന്; താനും കബളിപ്പിക്കപ്പട്ടെന്ന് കെ.എന്‍. ആനന്ദകുമാര്‍
1511956
Friday, February 7, 2025 4:45 AM IST
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ താനും കബളിപ്പിക്കപ്പട്ടെന്ന് സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്മാന് കെ.എന്‍.ആനന്ദകുമാര്‍. തട്ടിപ്പിന്റെ മുഴുവന്‍ ഉത്തരവാദിയും അനന്തുകൃഷ്ണന് ആണ്. അനന്തുകൃഷ്ണന്റെ നാല് കമ്പനികളാണ് ഇതില്‍ ഭാഗമായിട്ടുള്ളത്. പണം മുഴുവന്‍ സ്വീകരിച്ചതും രസീത് കൊടുക്കുന്നതും കരാറുണ്ടാക്കിയതും അയാളാണ്.
അനന്തുകൃഷ്ണന്റെ ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞാണ് രാജിവച്ചതെന്നും ആനന്ദകുമാര്‍ പറഞ്ഞു. എന്‍ജിഒ കോണ്‍ഫഡറേഷന്‍ ചെയര്മാന് ആയിരുന്ന സമയത്ത് സ്കൂട്ടര്‍ വിതരണം, തയ്യല്‍ മെഷീന് വിതരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി കോണ്‍ഫെഡറേഷനുമായി യാതൊരു ബന്ധവുമില്ലെന്ന് ആനന്ദകുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലി വിന്‍സെന്റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത്. പിന്നീട് അദ്ദേഹം ചില പ്രോജക്ടുകള്‍ സമര്‍പ്പിച്ചു. താനാണ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രൻ നായരെ ഉപദേശകസ്ഥാനത്തേക്ക് ക്ഷണിച്ചത്. എന്നാല്‍ തട്ടിപ്പിന്റെ സൂചന കിട്ടിയപ്പോഴേ അദ്ദേഹം രാജിവച്ചു.