പരാതികൾ കൂടുന്നു : അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളും
1511955
Friday, February 7, 2025 4:40 AM IST
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ പിരിച്ച പണത്തിന്റെ കണക്കും പരാതികളുടെ എണ്ണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ശേഖരിച്ചു. ഇഡിക്ക് പുറമേ സംസ്ഥാന വ്യാപകമായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പും ശേഖരിച്ചുവരികയാണ്.
ഹൈറിച്ച് മണി ചെയിന്‍ മാതൃകയിലായിരുന്നു അനന്തുകൃഷ്ണന്റെ തട്ടിപ്പെന്നാണ് വിലയിരുത്തല്‍. നിലവില്‍ പോലീസ് ചുമത്തിയ വഞ്ചനാക്കുറ്റം ഇഡിക്ക് അന്വേഷണം ആരംഭിക്കാന്‍ പര്യാപ്തമാണ്. വിവരശേഖരണം ഉടന്‍ പൂര്‍ത്തിയാക്കി അന്വേഷണം ഇഡി ഏറ്റെടുത്തേക്കുമെന്നാണ് വിവരം.
തട്ടിപ്പിന്റെ വ്യാപ്തിയും പണം പോയ വഴിയും കൃത്യമായി അറിയണമെങ്കില്‍ ഇഡി അന്വേഷണം അനിവാര്യമാണ്. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതി അനന്തുകൃഷ്ണന് വിദേശത്തേക്ക് കടത്തിയോ എന്ന സംശയവും ഇഡി അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്.
അറസ്റ്റിന് മുമ്പ് അനന്തുകൃഷ്ണന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുള്ളത്.