കളമശേരിയിലെ വാഹന സർവീസ് സെന്ററിൽ തീപിടുത്തം
1511950
Friday, February 7, 2025 4:40 AM IST
കളമശേരി: കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിലുള്ള പൂജാരി വളവിൽ ഹുണ്ടായി സർവീസ് സെന്ററിൽ തീപിടുത്തം. ആളപായമില്ല. ഇന്നലെ രാവിലെ 11.30 ഓടെ സ്ഥാപനത്തിന്റെ പുറകുവശത്ത് സൂക്ഷിച്ചിരുന്ന കാർഡ്ബോർഡ് പെട്ടികളിലാണ് ആദ്യം തീപിടിച്ചത്.
തുടർന്ന് തൊട്ടടുത്ത മുറിയിലെ സ്പെയർ പാർട്സുകളിലേക്കും തീപടർന്നു. സമീപത്തെ പറമ്പ് വൃത്തിയാക്കി തീഇട്ടിരുന്നു. അതിൽ നിന്നാകാം തീപിടുത്തമുണ്ടായതെന്ന് സംശയിക്കുന്നതായി കമ്പനി വക്താക്കൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
തൊട്ടടുത്ത് ഷോറൂമിൽ കിടന്നിരുന്ന വാഹനങ്ങൾ പുറത്തേക്ക് മാറ്റിയതിനാൽ വലിയ തോതിലുള്ള നാശനഷ്ടം ഒഴിവായി. പുതിയ സ്പെയർ പാർട്സുകൾ കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടം കണക്കാക്കിയിട്ടില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു.
തൃക്കാക്കര, ഏലൂർ ഫയർസ്റ്റേഷനുകളിൽനിന്ന് നാല് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.