മിഹിറിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ്
1511949
Friday, February 7, 2025 4:40 AM IST
തൃപ്പൂണിത്തുറ: മിഹിറിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ഷഫീഖ് മാടമ്പാട്ട്. മിഹിറിനെ ജെംസ് സ്കൂളിൽനിന്ന് ഗ്ലോബൽ പബ്ലിക് സ്കൂളിലേക്ക് മാറ്റിയത് പിതാവായ തന്നെ അറിയിച്ചില്ലെന്നും നിസാരകാര്യങ്ങൾ പോലും താനുമായി ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ മകനുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന കാര്യം തന്നെ അറിയിക്കാതിരുന്നത് ശരിയായില്ലെന്നും പിതാവ് പറയുന്നു.
മിഹിറിന്റെ മരണശേഷം മിഹിറിന്റെ മാതാവിൽ നിന്നും ബന്ധുക്കളിൽ നിന്നും കേട്ട കാര്യങ്ങളിൽ ഒരുപാട് വൈരുധ്യങ്ങൾ പ്രകടമായിരുന്നു. രണ്ടാനച്ഛൻ സലിം, മിഹിർ ജീവനൊടുക്കുന്നതിന് കുറച്ചു മുൻപ് ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും സംഭാഷണമധ്യേ മിഹിർ ഫോൺ കട്ട് ചെയ്തുവെന്നും പിന്നീട് മിഹിറിന്റെ ഫോണിലും വീട്ടിലെ ജോലിക്കാരിയുടെ ഫോണിലും മിഹിറിനെ വിളിക്കാൻ സലിം നിരന്തരമായി ശ്രമിച്ചപ്പോൾ കുട്ടി ഫോണെടുക്കാൻ വിസമ്മതിച്ചുവെന്നും ഷഫീഖ് പറഞ്ഞു. സലിമും മിഹിറും തമ്മിൽ ഫോൺ കട്ട് ചെയ്തതുവരെ എന്താണ് പറഞ്ഞതെന്ന് അന്വേഷിക്കണം.
താഴേക്ക് ചാടിയ മിഹിറിനെ ആദ്യം ഓടിയെത്തി കണ്ടവരിൽ മാതാവുമുണ്ടായിരുന്നു. അത് കൊണ്ട് ആ സമയത്ത് അവർ വീട്ടിലുണ്ടായിരുന്നുവെന്ന് വ്യക്തമാണെന്നും ഷഫീഖ് പറയുന്നു. മിഹിറിന്റെ ഗൃഹാന്തരീക്ഷം കലുഷിതവും വിഷാദജനകവുമായിരുന്നുവെന്ന് താനുമായുള്ള കുട്ടിയുടെ ചാറ്റുകളിൽ വ്യക്തമാണ്.
ജെംസ് സ്കൂളിൽ നിന്നും മിഹിറിന്റെ താല്പര്യത്തിന് വിരുദ്ധമായാണ് മാറ്റിയത്. സലിം സ്കൂളിൽ കലുഷിതമായ രംഗം സൃഷ്ടിച്ച ശേഷം ടിസി വാങ്ങുകയായിരുന്നു. റാഗിംഗാണ് മിഹിറിന്റെ മരണകാരണമെന്നത് പിആർ സ്റ്റണ്ടാണ്. മിഹിറിന്റെ മരണം വരെ ആരും ഇതറിഞ്ഞില്ല, നിഷ്ഠൂരമായ പീഡനത്തിന് മിഹിർ വിധേയനായെങ്കിൽ എല്ലാം തുറന്ന് പറയുന്ന മിഹിറിന്റെ പ്രിയപ്പെട്ട ബന്ധുവിനോട് പോലും കുട്ടി ഇത് പരാമർശിക്കാതിരുന്നത് എന്താണെന്നും പിതാവ് ചോദിക്കുന്നു.
സ്കൂളിലുണ്ടായ സംഭവത്തിൽ മിഹിറിന് സാക്ഷി എന്നതിനപ്പുറം പങ്കില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. മിഹിർ പ്രശ്നക്കാരനാണ് എന്ന മട്ടിൽ സ്കൂൾ ഇറക്കിയ പ്രസ്താവന എന്തിനായിരുന്നുവെന്നും ഇക്കാര്യത്തിൽ സ്കൂൾ അധികൃതർ മാപ്പ് പറയണമെന്നും പിതാവ് ആവശ്യപ്പെട്ടു.
മിഹിറിന്റെ സ്കൂൾ മാറ്റം: തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ജെംസ് സ്കൂൾ
തൃപ്പൂണിത്തുറ: മിഹിറിന്റെ മരണത്തെ തുടർന്നുള്ള വീട്ടുകാരുടെ പരാതിയിൽ, തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ നിന്നും വിദ്യാർഥിക്കെതിരെയുണ്ടായ പരാമർശങ്ങൾക്കെതിരേ കുട്ടി മുൻപ് പഠിച്ചിരുന്ന ജെംസ് സ്കൂളിന്റെ വിശദീകരണം.
മിഹിർ അഹമ്മദ് ഞങ്ങളുടെ സ്കൂൾ സമൂഹത്തിലെ വിലപ്പെട്ട അംഗമായിരുന്നുവെന്നും മിഹിറിന്റെ മാതാപിതാക്കളോട് കുട്ടിയെ സ്ഥലം മാറ്റാനുള്ള തീരുമാനം പുന:പരിശോധിക്കാൻ സ്കൂൾ അധികൃതർ നേരിട്ട് അഭ്യർഥിച്ചിരുന്നതായും ജെംസ് സ്കൂൾ അധികൃതർ പറഞ്ഞു.
എങ്കിലും രക്ഷിതാക്കൾ കുട്ടിയെ മറ്റൊരു സ്വകാര്യ സ്കൂളിൽ ചേർക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ജെംസ് സ്കൂൾ കഴിഞ്ഞ ദിവസം ഇറക്കിയ ഔദ്യോഗിക വിശദീകരണ കുറിപ്പിൽ പറയുന്നത്.
ജെംസ് സ്കൂളിന്റെ ഈ വിശദീകരണം, മിഹിറിനെ ടിസി നൽകി വിട്ടതാണെന്ന ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വാദത്തിന് എതിരാണ്. ജെംസ് സ്കൂളിൽ നിന്നുണ്ടായ വിശദീകരണത്തിൽ മിഹിറിന്റെ മാതാവ് രജ്ന സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്.