മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സ്പെഷൽ ബ്ലോക്ക് പദ്ധതി നഷ്ടപ്പെട്ടത് മുൻ ജനപ്രതിനിധിയുടെ അനാസ്ഥ: എംഎൽഎ
1511943
Friday, February 7, 2025 4:28 AM IST
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ അനുവദിച്ച സ്പെഷൽ ബ്ലോക്ക് പദ്ധതി നഷ്ടപ്പെട്ടത് മുൻ എംഎൽഎ എൽദോ ഏബ്രഹാമിന്റെ പരാജയമാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പദ്ധതിക്ക് ബജറ്റിൽ തുക അനുവദിച്ചെങ്കിലും മുൻ എംഎൽഎയുടെ അനാസ്ഥമൂലം തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് പോയില്ല.
2019-20 വർഷത്തെ ബജറ്റിലാണ് പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ അഞ്ച് കോടി അനുവദിച്ചത്. പദ്ധതിയുടെ 20 ശതമാനം വരുന്ന ഒരു കോടി ബജറ്റ് പ്രൊവിഷനായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം മുൻ എംഎൽഎയോ അദ്ദേഹത്തിന്റെ ഓഫീസോ പദ്ധതിയുടെ തുടർ നടപടികളിൽ ശ്രദ്ധ ചെലുത്തിയില്ലെന്നാണ് മാത്യു കുഴൽനാടന്റെ വിശദീകരണം.
ബജറ്റിൽ പദ്ധതിക്ക് തുക അനുവദിച്ചാൽ ഒരു വർഷത്തിനകം അതിന്റെ എസ്റ്റിമേറ്റ് ബന്ധപ്പെട്ട വകുപ്പിനെ കൊണ്ട് തയാറാക്കി നൽകി ഭരണാനുമതി ലഭ്യമാക്കണമെന്നതാണ് ചട്ടം. ഇതിന് സാധിച്ചില്ലെങ്കിൽ തുടർന്ന് വരുന്ന വർഷത്തെ ബജറ്റിൽ ഈ പദ്ധതി വീണ്ടും ഉൾക്കൊള്ളിക്കണം. ഇത് രണ്ടും സംഭവിച്ചിട്ടില്ലാത്തതിനാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്പ് തന്നെ പദ്ധതി മൂവാറ്റുപുഴക്ക് നഷ്ടമായെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു.
പദ്ധതിക്ക് ഭരണാനുമതി പോലും ലഭ്യമാക്കാൻ മുൻ എംഎൽഎക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ പദ്ധതിയുടെ നിർമാണം ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും എംഎൽഎ കുറ്റപ്പെടുത്തി.
പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് വിഷയം 2021 സെപ്റ്റംബറിൽ ധനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. തന്റെ രാഷ്ട്രീയ മര്യാദമൂലം മുൻ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ മറച്ചുവച്ചാണ് ധനമന്ത്രിയെ കണ്ടതും പദ്ധതിക്ക് വീണ്ടും അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടതും.
ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ടശേഷം 2022-23 വർഷത്തെ സംസ്ഥാന ബജറ്റിലേക്കും ജനറൽ ആശുപത്രി സ്പെഷൽ ബ്ലോക്ക് നിർമാണത്തിനായി പദ്ധതി നൽകിയിരുന്നു. എന്നാൽ രൂക്ഷമായ സാന്പത്തിക പ്രതിസന്ധി മൂലം ആ ബജറ്റിൽ പദ്ധതിക്ക് തുക അനുവദിച്ചില്ല.
ഇതോടൊപ്പം ജനറൽ ആശുപത്രിയുടെ സമഗ്ര വികസനം മുന്നിൽകണ്ട് മാസ്റ്റർ പ്ലാൻ തയാറാക്കി ധന മന്ത്രിക്കും ആരോഗ്യ മന്ത്രിക്കും നൽകി. എന്നാൽ അതിൽ സർക്കാർ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല. മന്ത്രി വീണാ ജോർജ് ജനറൽ ആശുപത്രി സന്ദർശിച്ചപ്പോഴും വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എംഎൽഎ അറിയിച്ചു.