പിണ്ടിമന പഞ്ചായത്തിൽ കൃഷി നശിപ്പിച്ച് കാട്ടാനക്കൂട്ടം
1511933
Friday, February 7, 2025 4:18 AM IST
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ, കുളങ്ങാട്ടുകുഴി, മാലിപ്പാറ എന്നിവിടങ്ങളിൽ കാട്ടാനക്കുട്ടമിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. മാലിപ്പാറ കുരിശുമലയിലെ ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്കിന് സമീപത്തും ആനകളെത്തി. ഇവിടെ വർഷങ്ങൾ പഴക്കമുള്ള തെങ്ങ് കുത്തിമറിച്ചിടുകയും വാഴ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഭാഗത്ത് ആദ്യമായാണ് ആന ശല്യമുണ്ടാകുന്നത്. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്നുള്ള ആനക്കൂട്ടം ബുധനാഴ്ച രാത്രിയാണ് ജനവാസ മേഖലകളിലേക്ക് കടന്നത്.
പടക്കംപൊട്ടിച്ച് ആനകളെ തുരത്താൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. കൃഷിയിടങ്ങളിൽ കയറിയ ആനക്കൂട്ടം ഇന്നലെ പുലർച്ചെയാണ് പ്ലാന്റേഷനിലേക്ക് മടങ്ങിയത്. ചക്ക സീസണ് ആരംഭിച്ചതോടെയാണ് കാട്ടാനക്കൂട്ടം വീണ്ടുമെത്തുന്നത്. വേനൽക്കാലത്ത് പ്ലാന്റേഷനുള്ളിൽ തീറ്റയും വെള്ളവും കുറഞ്ഞതും ആനകൾ കൂടുതലായി പുറത്തിറങ്ങാൻ കാരണമാകുന്നുണ്ട്. കാട്ടാനശല്യം വർധിക്കുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.