കുടിവെള്ളക്ഷാമം: ജല അഥോറിറ്റി ഉദ്യോഗസ്ഥനു മുന്നിൽ കൂട്ടപ്പരാതിയുമായി കൗൺസിലർമാർ
1511925
Friday, February 7, 2025 4:07 AM IST
ഏലൂർ: ഏലൂർ നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിൻറെ പരാതികളുമായി നഗരസഭ കൗൺസിലറന്മാർ ജല അതോറിറ്റി ഉദ്യോഗസ്ഥനു മുന്നിലെത്തി. നഗരസഭ പ്രദേശത്തെ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന വാർഡുകളിലെ കൗൺസിലന്മാർക്ക് പരാതി പറയാനും ജല ഉദ്യോഗസ്ഥന് മറുപടി പറയാനും നഗരസഭാ ചെയർമാൻ എ.ഡി. സുജിലാണ് വേദി ഒരുക്കിയത്.
വാർഡുകളിൽ ജല അതോറിറ്റിപൈപ്പിലൂടെ കുടിവെള്ളം കിട്ടുന്നില്ലെന്നും കിട്ടുന്നിടത്ത് പ്രഷർ ഇല്ലെന്നും കുടിവെള്ളം കിട്ടാതെ ആകുമ്പോൾ ജനങ്ങൾ ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാൽ കിട്ടാറില്ലെന്നും വാൽവ് തിരിച്ച് വെള്ളക്ഷാമം പരിഹരിക്കാനുള്ള ഉദ്യോഗസ്ഥരുടെ നടപടി ശരിയല്ലെന്നും തുറന്നിടച്ച്കൗൺസിലറന്മാർ.
ഏലൂർ നഗരസഭയിൽ ജലാതോറിറ്റി 7.5 എംഎൽഡി വെള്ളവും ഫാക്ട് ഒരു എംഎൽഡിയും ടിസിസി 0.5 എംഎൽഡി വെള്ളവും വിതരണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ കൃത്യമായി ഏലൂർ നഗരസഭ പ്രദേശത്ത് എത്ര വെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും എത്ര വെള്ളം പാഴായി പോകുന്നുണ്ടെന്നും ജല അതോറിറ്റിക്ക് കണക്കില്ലെന്ന് കൗൺസിലർ പി.എം. അയ്യൂബ് കുറ്റപ്പെടുത്തി.
ഏലൂരിൽ എത്ര വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയണമെന്നും ആവശ്യമെങ്കിൽ ഫ്ലോ മീറ്റർ വാങ്ങിക്കണമെന്നും ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു ജനങ്ങൾ വിളിച്ചാൽ ഫോൺ എടുക്കാറുണ്ടെന്നും വാൽവ് തിരിച്ചുവെച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാറില്ലെന്നും എന്നാൽ വാൽവ് തിരിക്കാതെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാൻ കഴിയില്ലെന്നും ഇനിയും ചിലയിടങ്ങളിൽ വാൽവ് വയ്ക്കണമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥൻ കൗൺസിലന്മാർക്ക് മറുപടി നൽകി.