ആലുവ ശിവരാത്രി ആഘോഷം : നഗരത്തിലെ കാന നവീകരണം പൂർത്തിയാക്കാൻ തീരുമാനം
1511922
Friday, February 7, 2025 4:07 AM IST
ആലുവ: ശിവരാത്രി ആഘോഷങ്ങൾക്ക് 20 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ആലുവ നഗരത്തിലെ കാനകളുടെ പാതി വഴിയിലായ നവീകരണം പൂർത്തിയാക്കാൻ ശിവരാത്രി അവലോകന യോഗത്തിൽ തീരുമാനം. മുൻ വർഷങ്ങളിലെ പോലെ പൂർണമായും ഹരിത പ്രോട്ടോക്കോൾ ശിവരാത്രി മണപ്പുറത്ത് നടപ്പിലാക്കാനും യോഗം തീരുമാനിച്ചു.
കാനയുടെ നവീകരണത്തോടൊപ്പം ഫുട്പാത്ത് നിർമാണവും ശിവരാത്രിക്ക് മുമ്പ് പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് അവലോകന യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ കവറിംഗ് സ്ലാബുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്താനും യോഗം നിർദേശിച്ചു.
അപകടക്കെണിയായ നടപ്പാതകളെക്കുറിച്ച് 'ദീപിക' റിപ്പോർട്ട് ചെയ്തിരുന്നു. ആലുവ താലൂക്ക് വികസന സമിതിയും ഈ വിഷയം ചർച്ച ചെയ്തിരുന്നു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷനായി. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി നാലു വാച്ച് ടവറുകളും, സിസിടിവിയും മണപ്പുറത്ത് സ്ഥാപിക്കും. മണപ്പുറത്തേയ്ക്കുള്ള കൊട്ടാരക്കടവ് റോഡിലും നടപ്പാലത്തിലും ഇരുവശത്തേയ്ക്കും പ്രവേശനം അനുവദിക്കും.
1500 പോലീസ് സേനാംഗങ്ങളെക്കൂടാതെ അഗ്നിരക്ഷാ സേനയുടെ മൂന്ന് സ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ 40 ഫയർഫോഴ്സ് സേനാംഗങ്ങളും 50 സിവിൽ ഡിഫൻസ് വാളന്റിയർമാരും ഉൾപ്പെട്ട രണ്ട് ടീമുകൾ 24 മണിക്കൂറും രംഗത്തുണ്ടാകും. പുഴയിലെ രക്ഷാപ്രവർത്തനത്തിന് രണ്ട് സ്കൂബാ ടീമിനെ സജ്ജമാക്കും.
ശിവരാത്രി കഴിഞ്ഞ് തൊട്ടടുത്ത ദിവസം നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗത നിയന്ത്രണം വിദ്യാർഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ ആലുവ മുനിസിപ്പൽ പ്രദേശത്ത് സ്കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കുന്നതിന് ജില്ലാ ഭരണകൂടത്തിനോട് അഭ്യർഥിക്കാനും യോഗം തീരുമാനിച്ചു.