വൈപ്പിനില്‍ നിന്ന് 10 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി നഗരത്തിലേക്ക്
1511623
Thursday, February 6, 2025 4:39 AM IST
കൊച്ചി: വൈപ്പിനിൽ നിന്ന് നഗരത്തില്‍ പ്രവേശിക്കാന്‍ 10 കെഎസ്ആര്‍ടിസി ബസുകള്‍ കൂടി എത്തുന്നു. ബസിന്റെ റൂട്ട്, ഷെഡ്യൂള്‍, എന്നിവ സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനമാകും. ഈ മാസം അവസാനത്തോടെ ബസുകള്‍ സര്‍വീസ് ആരംഭിക്കും. ഇന്നലെ മന്ത്രി കെ.ബി. ഗണേശ് കുമാറിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണനും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം. ഇതിന് പുറമേ 30 സ്വകാര്യ ബസുകളും സര്‍വീസിനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
ബസ് ഹാജരാക്കുന്ന മുറയ്ക്ക് സര്‍വീസ് നടത്തുന്നതിന് പെര്‍മിറ്റ് നല്‍കുമെന്ന് എംഎല്‍എ പറഞ്ഞു. പെര്‍മിറ്റ് വില്ക്കാതിരിക്കുന്നതിനാണ് ബസ് ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. വൈപ്പിനില്‍ നിന്നുള്ള ബസുകള്‍ക്ക് നഗര പ്രവേശനം അനുവദിക്കണമെന്ന ആവശ്യവും പ്രതിഷേധവും ശക്തമായതിന് പിന്നാലെ മന്ത്രിതലത്തിലടക്കം നടന്ന ചര്‍ച്ചകളുടെ ഫലമായി ജനുവരിയില്‍ വൈപ്പിനില്‍ നിന്ന് ആദ്യ ബസ് നഗരത്തിലേക്ക് പ്രവേശിച്ചിരുന്നു.
നിലവില്‍ വൈപ്പിനില്‍ നിന്ന് രണ്ടു ബസുകള്‍ നഗരത്തിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഒന്ന് ഞാറക്കല്‍ മഞ്ഞനക്കാടുനിന്ന് ആരംഭിച്ച് വൈപ്പിന്‍, കാളമുക്ക്, ഹൈക്കോടതി, എറണാകുളം സൗത്ത് വഴി വൈറ്റില ഹബ്ബിലെത്തുന്നതും മറ്റൊന്ന് എടവനക്കാട്, അണിയില്‍ ജംഗ്ഷന്, എറണാകുളം സൗത്ത്, വൈറ്റില ഹബ്ബ് എന്നിങ്ങനെസര്വീസ് നടത്തുന്നതുമാണ്.
12 ഷെഡ്യൂളുകളാണ് രണ്ട് ബസുകള്‍ക്കും ഉള്ളത്. റൂട്ടില്‍ 10 കെഎസ്ആര്‍ടിസി ബസുകള്‍ക്കൂടി എത്തുന്നതോടെ പ്രദേശത്ത് പൊതുഗതാഗതത്തെ ആശ്രയിക്കുന്നവര്‍ക്ക് ആശ്വാസമാകും.