ഇ- ചെലാൻ അദാലത്ത് : ആദ്യദിനം തീർപ്പാക്കിയത് 1135 കേസുകൾ
1511622
Thursday, February 6, 2025 4:39 AM IST
പിഴയിനത്തിലെത്തിയത് 10 ലക്ഷത്തോളം രൂപ
കാക്കനാട്: പോലിസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജില്ലയിലെ ആർടി ഓഫീസുകളിലും ജോയിന്റ് ആർടി ഓഫിസുകളിലുമായി പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ നടത്തിയ ഇ-ചെലാൻ അദാലത്തിൽ ആദ്യദിനത്തിൽ തീർപ്പാക്കിയത് 1,135 ചലാനുകൾ. ഇതുവഴി 9,90,510 രൂപ പിഴയായി ഈടാക്കി.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ അടയ്ക്കാൻ കഴിയാതിരുന്നവർക്ക് ഇ ചെലാൻ അദാലത്തിലൂടെ പിഴ അടക്കാനുള്ള സൗകര്യം ഇന്നവസാനിക്കും. പിഴത്തുക യുപിഐ, ഡെബിറ്റ് -ക്രെഡിറ്റ് കാർഡ്, ഗൂഗിൾ പേ വഴിയാണു സ്വീകരിച്ചത്.
മോട്ടോർ വാഹന വകുപ്പ് ഒന്പതു കൗണ്ടറുകൾക്കു പുറമെ പോലീസ് വിഭാഗത്തിന്റെ കൗണ്ടറുകളും സജ്ജീകരിച്ചിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ മോട്ടോർവാഹന വകുപ്പിന്റെ കൗണ്ടറുകളിൽ 730 ചലാനുകൾ തീർപ്പാക്കി. ഇതുവഴി 7,49,960രൂപ ഈടാക്കിയതായി ആർടിഒ അറിയിച്ചു. പോലീസ് കൗണ്ടറുകളിൽ 405 ചെലാനുകൾ തീർപ്പാക്കി. ഇതുവഴി 2,40,550 രൂപയും ഈടാക്കി.