നഗരത്തിലെ കാനകള്‍ തുറന്നു കിടക്കുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
1511619
Thursday, February 6, 2025 4:36 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ കാനകള്‍ തുറന്നു കിടക്കുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കാനകള്‍ അപകടമുണ്ടാക്കിയാല്‍ ബന്ധപ്പട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാകുമെന്നും കോടതി മുന്നറിയിപ്പുനല്‍കി. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
കൊച്ചിയില്‍ അബ്ദുള്‍ കലാമിന്റെ പേരിലുള്ള ആയുര്‍വേദാശുപത്രിക്ക് മുന്നില്‍ നടപ്പാതയില്ല. പ്രധാന കേന്ദ്രമായ മാധവ ഫാര്‍മസി ജംഗ്ഷനില്‍ ഓടകള്‍ തുറന്നുകിടക്കുകയാണ്. എംജി റോഡിലെ ഫുട്പാത്ത് നവീകരിക്കണമെന്ന ഉത്തരവും പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എംജി റോഡിലെ നടപ്പാതകള്‍ നവീകരിക്കുന്നതിന് ടെന്‍ഡറുകള്‍ സ്വീകരിച്ചതായും നിര്‍മാണജോലികള്‍ ഉടന്‍ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കോഴിക്കോട് ബൈപ്പാസില്‍ റോഡ് നിര്‍മാണത്തിനായി തീര്‍ത്ത വെള്ളക്കെട്ടുള്ള കുഴിയില്‍ വീണ് ഡെലിവറി ഏജന്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി ദേശീയപാത അഥോറിറ്റിയുടെ റിപ്പോര്‍ട്ട് തേടി.