വഴിയോരക്കച്ചവടക്കാരെ കോര്പറേഷന് പരിധിയില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി
1511617
Thursday, February 6, 2025 4:36 AM IST
കൊച്ചി : വഴിയോരക്കച്ചവടക്കാരെ കൊച്ചി കോര്പറേഷന് പരിധിയില്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. കോര്‍പറേഷന്റെ ലൈസന്‍സും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും കൈവശമുള്ളവര്‍ക്കു മാത്രമേ വഴിയോര കച്ചവടത്തിന് അനുമതി നല്‍കാനാകൂവെന്നും ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ വ്യക്തമാക്കി.
അനുവദനീയമല്ലാത്ത മേഖലകളില്‍ കച്ചവടം നടത്തുന്ന അംഗീകൃത വ്യാപാരികളെ തൊട്ടടുത്ത അംഗീകൃത സ്ഥലങ്ങളിലേക്ക് മാറ്റണം. കോടതി രൂപീകരിച്ച ജാഗ്രതാ സമിതിയുടേയും മേല്‍നോട്ട സമിതിയുടേയും പ്രവര്‍ത്തനം ആറുമാസമെങ്കിലും തുടരണമെന്നും വ്യാപാരികളെ മാറ്റാന്‍ സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വഴിയോരക്കച്ചവടക്കാരെ നഗരസഭാ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നുവെന്ന പരാതിയുമായി കെ.എം. ജമാലടക്കം ഒരു കൂട്ടം വ്യാപാരികളുടെ ഹർജി തീര്‍പ്പാക്കിയാണ് ഉത്തരവ്. സര്‍ക്കാരിന്റെ സ്ട്രീറ്റ് വെന്‍ഡിംഗ് പ്ലാന്‍ പ്രകാരം കൊച്ചിയിലെ വഴിയോരക്കച്ചവടം മൂന്നു മാസത്തിനകം ക്രമീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.