മിഹിര്‍ അഹമ്മദിന്റെ മരണം : ദുരൂഹത ആരോപിച്ച് പിതാവ്
1511614
Thursday, February 6, 2025 4:36 AM IST
ജീവനൊടുക്കിയത് മനോവിഷമം കാരണം എന്നത് വിശ്വസിക്കാൻ പ്രയാസമെന്ന്
തൃപ്പൂണിത്തുറ: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥിയായിരുന്ന മിഹിർ അഹമ്മദിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് ഷെഫീഖ്. മിഹിർ സന്തോഷവാനും മാനസികമായി കരുത്തുള്ള കുട്ടിയായിരുന്നുവെന്നും സഹപാഠികളുമായുണ്ടായ ചില കശപിശകൾ ചോദ്യം ചെയ്ത മനോവിഷമം കാരണം ജീവനൊടുക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്നും പിതാവ് തിരൂർ സ്വദേശി ഷെഫീഖ് മാടമ്പാട്ട് ഹിൽപാലസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഖത്തറിൽ ജോലി ചെയ്യുന്ന ഷെഫീഖ് മകന്റെ മരണത്തെ തുടർന്ന് നാട്ടിലെത്തിയ ശേഷം ജനുവരി 21നാണ് പോലീസിൽ പരാതി നൽകിയത്. മരണം നടന്ന ജനുവരി 15ന് വളരെ സന്തോഷവാനായി കൂട്ടുകാരനോടൊപ്പം സ്കൂളിൽ നിന്ന് വൈകുന്നേരം മൂന്നിന് അപ്പാർട്ട്മെന്റിൽ എത്തിയ മിഹിർ ഏകദേശം അര മണിക്കൂർ കഴിഞ്ഞ് യാതൊരു പ്രകോപനവുമില്ലാതെ ജീവൻ അവസാനിപ്പിച്ചുവെന്ന് പറയുന്നത് സംശയത്തിനിടയാക്കുന്നു.
മിഹിർ സ്കൂളിൽ നിന്നും അപ്പാർട്ട്മെന്റിൽ എത്തിയതിനു ശേഷവും മരണം നടക്കുന്നതിനുമിടയിൽ എന്താണ് യഥാർഥത്തിൽ അവിടെ സംഭവിച്ചതെന്നും ഈ സമയം ആരെല്ലാം അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി മകന്റെ മരണത്തിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥിരമായി ഫോൺ വിളികളിലൂടെയും കംപ്യൂട്ടർ ചാറ്റിംഗിലൂടെയും താനുമായി ആശയവിനിമയം നടത്താറുള്ള എന്റെ മകന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഉള്ളതായി തന്നോട് ഒരിക്കലും പറഞ്ഞിരുന്നില്ലെന്നും മരിക്കുന്നതിനു തൊട്ട് മുന്‍പത്തെ ദിവസം തനിക്ക് അയച്ച വാട്സ് ആപ് സന്ദേശത്തിൽ നാളെ സംസാരിക്കാമെന്നും നാളെ രാത്രി മുഴുവനും ഫ്രീയായിരിക്കുമെന്നു പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.
ജനുവരി 15ന് മിഹിറിന് അപകടം സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് തൃപ്പൂണിത്തുറയിലെത്തിയ തന്നോട് മകൻ കെട്ടിടത്തിന്റെ 26-ാം നിലയിൽ നിന്നും വൈകുന്നേരം 3.30 ഓടെ താഴേക്ക് ചാടി ജീവനൊടുക്കിയെന്നും മൃതദേഹം കല്പറ്റ മുട്ടിൽ ജുമാമസ്ജിദിൽ കബറടക്കിയെന്നുമാണ് അറിയിച്ചതെന്നും പരാതിയിൽ പറയുന്നു.
മിഹിർ മാതാവായ റജ്നയോടും രണ്ടാനച്ഛനായ സലീമിനോടുമൊപ്പമാണ് തൃപ്പൂണിത്തുറയിലെ ചോയ്സ് പാരഡൈസ് അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്നത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ വിശദാംശങ്ങള്‍ തേടി മെറ്റയ്ക്ക് കത്തയച്ച് പോലീസ്
കൊച്ചി: തൃപ്പൂണിത്തുറ ഗ്ലോബല്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തിനുശേഷം പ്രചരിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുകളുടെ വിശദാംശങ്ങള്‍ തേടി ഹില്‍പാലസ് പോലീസ് മെറ്റയ്ക്ക് കത്ത് നല്കി. ജസ്റ്റീസ് ഫോര്‍ മിഹിര്‍ അഹമ്മദ് എന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സംഭവത്തിനുശേഷം ഡിലീറ്റ് ആക്കപ്പെട്ടത്.
ഇതിലേക്ക് വന്ന സന്ദേശങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.
റാഗിംഗ് പരാതിയില്‍ പുത്തന്‍കുരിശ് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണവിധേയര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. പരാതിയില്‍ മിഹിറിന്റെ സഹോദരന്റെ മൊഴിയെടുത്തു. സ്കൂള്‍ മാനേജ്മെന്റിന്റെയും കുട്ടികളുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.
ആരോപണം തെളിഞ്ഞാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. ഹില്‍പാലസ് പോലീസ് ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടെയാണ് പുത്തന്‍കുരിശ് പോലീസും അന്വേഷണം നടത്തുന്നത്. സ്കൂള്‍ മാനേജ്മെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മിഹിറിന്റെ അമ്മ രജ്ന രംഗത്തെത്തിയിരുന്നു.