"പൊന്നേ... ഈ പോക്ക് എങ്ങോട്ടാണ്?'
1511613
Thursday, February 6, 2025 4:36 AM IST
കൊച്ചി: "പെണ്ണായാല്‍ പൊന്നു വേണം..' എന്നത് മലയാളികള്‍ക്കിടയില്‍ പണ്ടുമുതലേ കേള്‍ക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ ജനനം, പിറന്നാള്‍, വിവാഹം, വിവാഹ വാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളിലെല്ലാം സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നല്കുന്ന ശീലം മലയാളികള്‍ക്കിടയിലുണ്ട്.
മഞ്ഞലോഹത്തോടുള്ള ഭ്രമം പുതുതലമുറയില്‍ കുറഞ്ഞു കാണുന്നുണ്ടെങ്കിലും സ്വര്‍ണവില കൂടുന്നത് മലയാളികള്‍ക്ക് എന്നും ആശങ്കയാണ്. കൈയില്‍ ചെറിയൊരു തുക വന്നാല്‍ പോലും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഒരു ഗ്രാം സ്വര്‍ണമെങ്കിലും വാങ്ങി സൂക്ഷിക്കുന്ന ശീലമുള്ളവരുമുണ്ട്.
പ്രതിവര്‍ഷം വില്‍ക്കുന്നത് 65,000 കിലോ സ്വര്‍ണം
വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഇന്ത്യന്‍ സ്ത്രീകളുടെ കൈയിലുള്ള സ്വര്‍ണം ലോകത്തിലെ മൊത്തം സ്വര്‍ണശേഖരത്തിന്റെ 11 ശതമാനം വരും. അതായത് ഇന്ത്യന്‍ സ്ത്രീകളുടെ കൈയിലുള്ളത് ഏകദേശം 24,000 ടണ്‍ സ്വര്‍ണമാണ്. കേരളത്തില്‍ പ്രതി വര്‍ഷം 65,000 കിലോ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്വര്‍ണവില റിക്കാര്‍ഡുകള്‍ ഭേദിച്ച് അനുദിനം മുന്നേറുകയാണ്. ഗ്രാമിന് 7905 രൂപയും പവന് 63,240 രൂപയുമായിട്ടാണ് നിലവില്‍ സ്വര്‍ണ വ്യാപാരം തുടരുന്നത്. നിലവില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയുമടക്കം 70,000 രൂപയോളം നല്‍കേണ്ടി വരുന്ന അവസ്ഥയാണ്.
ഈ വിലക്കയറ്റത്തില്‍ പകച്ചു നില്‍ക്കുകയാണ് മലയാളി സ്ത്രീകള്‍. വിവാഹ പാര്‍ട്ടികള്‍ക്കും ഉണ്ടായിട്ടുള്ള പ്രതിസന്ധി ചില്ലറയല്ല.
സ്വര്‍ണവില വര്‍ധനയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെ....
സുരക്ഷിത നിക്ഷേപമായതിനാല്‍ വില വര്‍ധയില്‍ സന്തോഷം
ഡോ. ഷീജ മത്തായി
അധ്യാപിക
സെന്റ് മേരീസ് യുപി സ്കൂള്‍, മഞ്ഞപ്ര
സ്വര്‍ണവില കൂടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. കാരണം വിവാഹ സമയത്ത് രക്ഷിതാക്കള്‍ ഒരു മുതല്‍ക്കൂട്ടായി തന്നത് കുറച്ച് സ്വര്‍ണം മാത്രമാണ്. അന്ന് 8,000 രൂപയ്ക്ക് വാങ്ങിയ സ്വര്‍ണം ഇന്ന് 62,000 രൂപയില്‍ എത്തി നില്ക്കുമ്പോള് നന്ദിയോടെയാണ് ഓര്‍ക്കുന്നത്. ഇന്ന് ജനസംഖ്യ കൂടുന്നതിന് അനുസരിച്ച് ഭൂമി വിലയേക്കാള്‍ ഭൂമി കിട്ടാനില്ലാത്ത അവസ്ഥയാണ്.
അതുകൊണ്ടുതന്നെ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമായാണ് കാണുന്നത്. ഇനി പുതിയ സ്വര്‍ണം വാങ്ങുകയെന്നത് അപ്രാപ്യമാണ്. ഉളളതിനെ മാത്രം വച്ച് അത് ജീവിതത്തിന് സഹായമാകുമെന്ന അവസ്ഥയാണ്.
സമൂഹത്തില്‍ മറ്റെല്ലാ സാധനങ്ങളുടെയും വില കൂടിയിട്ടുണ്ട്. അപ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം വര്‍ധിക്കുന്നതില്‍ തെറ്റില്ലെന്നാണ് പറയാനുള്ളത്. മറുവശത്ത് മറ്റൊരു സങ്കടമുണ്ട്. നിര്‍ധനരായ ഒരു കുട്ടിക്ക് വിവാഹത്തിന് ഒരുതരി പൊന്ന് അണിയണമെന്ന് ആഗ്രഹിച്ചാല്‍ അത് നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതൊരു വേദനയാണ്.
പെണ്മക്കളുള്ളവർക്ക് ആശങ്കയായി വിലവർധന
എം.ജി. ഗോപിക
വീട്ടമ്മ
തൃപ്പൂണിത്തുറ
റോക്കറ്റുപോലെ കുതിച്ചുയരുന്ന സ്വര്‍ണവിലയില്‍ പകച്ചു നില്ക്കുന്ന ഒരു വിഭാഗമുണ്ട്. പെണ്മക്കളുള്ള രക്ഷിതാക്കള്‍ക്ക് ഈ വില വര്‍ധന താങ്ങാനാകില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സാധാരണക്കാര്‍ക്ക് മക്കള്‍ക്കു വേണ്ടി വിവാഹത്തിനായാലും അല്ലാതെയും ഒരു തരി പൊന്നു വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണിന്ന്.
മോഷ്ടാക്കൾ വര്‍ധിച്ചു
ശാരിക ശ്രീരാജ്
സ്റ്റുഡന്റ് കൗണ്‍സിലര്‍
ഗ്ലോബല്‍ അക്കാദമി, കലൂര്‍
സ്വര്‍ണവിലയില്‍ അനുദിനം ഉണ്ടാകുന്ന റിക്കാര്‍ഡ് വിലക്കയറ്റം മൂലം മോഷ്ടാക്കളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. എത്ര ക്രൂരകൃത്യം നടത്തിയും ഒരു തരി പൊന്നാണെങ്കില്‍ പോലും അത് അപഹരിക്കുന്ന വാര്‍ത്തകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചു പുറത്തേക്ക് ഇറങ്ങാന്‍ ഭയമാണ്.
നല്ലൊരു നിക്ഷേപമായി കാണുന്നു
ജുവനിറ്റ് മറിയ ജയന്
മൂന്നാം വര്‍ഷ ബിഎ ഹോണേഴ്സ്
സോഷ്യോളജി ഡല്‍ഹി യൂണിവേഴ്സിറ്റി
അമ്മയുടെയും അമ്മൂമ്മയുടെയും പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വര്‍ണം അണിഞ്ഞു നടക്കുന്നത് ആഢംബരമായിട്ടുള്ള കാര്യമായിരുന്നു. എന്നെ സംബന്ധിച്ച് സ്വര്‍ണം വാങ്ങി അണിഞ്ഞു നടക്കുന്നതിനോട് തീരെ താല്പര്യമില്ല. പക്ഷേ സ്വര്‍ണം നല്ലൊരു നിക്ഷേപം ആയിട്ടാണ് കാണുന്നത്. നമ്മുടെ സാമ്പത്തിക വ്യവസ്ഥയില്‍ അനുദിനം മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ സ്വര്‍ണം നല്ലൊരു നിക്ഷേപമായി വാങ്ങിവയ്ക്കുന്നത് നല്ലതു തന്നെയാണ്.
താഴേത്തട്ടിലുള്ളവരാണ് സ്വര്‍ണവില വര്‍ധന മൂലമുള്ള ദുരിതം അനുഭവിക്കുന്നത്. കേരളത്തില്‍ കല്യാണത്തിനും മറ്റും സ്വര്‍ണം എന്നു പറയുന്നത് ഒരു സ്റ്റാറ്റസ് സിംബലാണ്. കല്യാണപ്പെണ്ണിനെ അവള് അണിഞ്ഞിരിക്കുന്ന സ്വര്‍ണം കൊണ്ട് അളക്കുന്ന രീതിയും മലയാളികള്‍ക്കിടയിലുണ്ട്. അതിനാൽതന്നെ താഴേത്തട്ടിലുള്ള കുടുംബങ്ങൾക്ക് വിലവർധന ഇരുട്ടടിയാണ്..
സ്വര്‍ണം ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടി
കെ.വി. ബൈജു
ഐശ്വര്യ ജ്വല്ലറി ഉടമ
കാഞ്ഞൂര്‍
വില കൂടിയതോടെ സ്വര്‍ണം മുന്‍കൂര്‍ ബുക്ക് ചെയ്യുന്ന കല്യാണ പാര്‍ട്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അവര്‍ ബുക്ക് ചെയ്യുന്ന വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ കഴിയും.