നഗ്നചിത്രം പകർത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തി; പ്രതി അറസ്റ്റിൽ
1511609
Thursday, February 6, 2025 4:24 AM IST
കൂത്താട്ടുകുളം: മൊബൈൽ ഫോണിൽ നഗ്നചിത്രം പകർത്തി വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ പിറവം സ്വദേശി അറസ്റ്റിൽ. ഇലഞ്ഞി അന്ത്യാൽ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയെതുടർന്നാണ് നടപടി. പിറവം ചിറക്കൽ ജയൻ മോഹനെ (43) യാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി പരാതിക്കാരിയായ വീട്ടമ്മയുടെ നഗ്നചിത്രം ഫോണിൽ പകർത്തി പലപ്പോഴായി വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു പരാതി.
കൂത്താട്ടുകുളം സ്റ്റേഷൻ ഇൻസ്പെക്ടർ ചുമതലയിലുള്ള മനേഷ് കെ. പൗലോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇലഞ്ഞി അന്ത്യാലിൽ വർഷങ്ങളായി കട നടത്തിവരുന്ന പ്രതി വിധവയായ വീട്ടമ്മയുമായി അടുത്ത ബന്ധം സ്ഥാപിച്ച ശേഷം ഇയാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോ പൊതുസമൂഹത്തിൽ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചു. മുന്പ് മറ്റൊരു കേസിൽ പ്രതി ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇലഞ്ഞിയിൽ ഇയാൾ നടത്തുന്ന വ്യാപാര സ്ഥാപനത്തിൽനിന്നു കഞ്ചാവ് കണ്ടെടുത്ത സംഭവത്തിലാണ് ശിക്ഷ അനുഭവിച്ചത്.