ബജറ്റ് ടൂറിസം; കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് കൂത്താട്ടുകുളത്തെത്തി
1511608
Thursday, February 6, 2025 4:24 AM IST
കൂത്താട്ടുകുളം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പുറത്തിറക്കിയ കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് കൂത്താട്ടുകുളത്തെത്തി. തിരുവനന്തപുരത്തുനിന്നും മൂന്നാറിലേക്ക് പോവുകയായിരുന്ന ബസ് കൂത്താട്ടുകുളത്ത് വില്ലേജ് ഓഫീസിനു സമീപം നിർത്തുകയായിരുന്നു. ഇരുനില ബസ് നഗരത്തിൽ എത്തിയതോടെ കൗതുക കാഴ്ച കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
കാണികളുടെ എണ്ണം കൂടിയതോടെ ബസ് ജീവനക്കാർ ആളുകളുടെ സൗകര്യാർഥം ബസ് റോഡരികിൽ ഒതുക്കുകയായിരുന്നു. കൂത്താട്ടുകുളം സ്വദേശിയായ ബജറ്റ് ടൂറിസം കോട്ടയം - എറണാകുളം ജില്ലാ കോ -ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം ബസിന്റെ വിശേഷങ്ങൾ വിശദീകരിച്ചു. ഇതിനിടെ നഗരസഭ അധികൃതർ ഇരുനില ബസ് ജീവനക്കാർക്ക് സ്വീകരണം നൽകി.
മൂന്നാർ യാത്രകൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഇരുനില ബസിന്റെ മുകൾഭാഗം പൂർണമായും ഗ്ലാസ് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കാലാവസ്ഥയിൽ കടുത്ത ചൂട് അനുഭവപ്പെട്ടെങ്കിലും മൂന്നാറിലെ യാത്രകൾക്ക് തികച്ചും അനുയോജ്യമാകും ബസ്. മലനിരകളും മഞ്ഞും ആസ്വദിക്കുവാൻ കഴിയും വിധമാണ് ബസിന്റെ രൂപകൽപ്പന.