മീനച്ചിൽ പദ്ധതി; മന്ത്രിയുടെ പ്രഖ്യാപനം മുൻകാല തീരുമാനങ്ങളുടെ ലംഘനമെന്ന്
1511604
Thursday, February 6, 2025 4:24 AM IST
മൂവാറ്റുപുഴ: മീനച്ചിൽ പദ്ധതി സംബന്ധിച്ച് ജലവിഭവ മന്ത്രി നടത്തിയ പ്രഖ്യാപനം മുൻകാല സർക്കാരുകൾ സ്വീകരിച്ച തീരുമാനങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മുൻ എംഎൽഎ ബാബു പോൾ. മീനച്ചിൽ പദ്ധതിക്കായി തൊടുപുഴയാറിലേക്ക് ഒഴുകുന്ന ജലം വഴിതിരിച്ചുവിട്ടാൽ തൊടുപുഴ, മൂവാറ്റുപുഴയാറുകൾ ഊഷര ഭൂമിയായി മാറുമെന്ന് 2006-07ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നടത്തിയ വിശദമായ പഠനത്തിൽ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006-11ലെ എൽഡിഎഫ് സർക്കാരും 2011-16ലെ യുഡിഎഫ് സർക്കാരും മീനച്ചിൽ പദ്ധതി ഉപേക്ഷിച്ചതാണ്. അന്നത്തെ സാഹചര്യത്തിൽനിന്നു ജലലഭ്യതയിൽ ഒരു വർധനവും തൊടുപുഴയാറിൽ ഉണ്ടായിട്ടില്ല.
മൂലമറ്റത്തുനിന്നും ഒരു സെക്കൻഡിൽ 70 മുതൽ 80 വരെ ദശലക്ഷം ലിറ്റർ ജലമാണ് തൊടുപുഴയാറിലേയ്ക്ക് ലഭിക്കുന്നത്. ഇതിൽ 35 ദശലക്ഷം ലിറ്റർ ജലം എംവിഐപി പദ്ധതിക്ക് വേണം. കൂടാതെ 16 ശുദ്ധജല വിതരണ പദ്ധതികൾക്കും 27 ചെറുകിട ജലസേചന പദ്ധതികളും തൊടുപുഴ - മുവാറ്റുപുഴ ആറുകളുടെ ഇരുകരകളുമായി പ്രവർത്തിക്കുന്നുണ്ട്.
ഇനിയും കമ്മീഷൻ ചെയ്യാനുള്ള ചില പദ്ധതികൾ നിർമാണ ഘട്ടത്തിലാണ്. പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പുതിയ ശുദ്ധജല പദ്ധകളുടെ ആവശ്യകതയും ഉന്നയിക്കുണ്ട്. ഇപ്പോൾ തന്നെ നിലവിലുള്ള ജലം തികയാതെ വരുന്ന സാഹചര്യമാണുള്ളത്.
ഈ പശ്ചാത്തലത്തിൽ 28 ദശലക്ഷം ലിറ്റർ ജലം മീനച്ചിൽ പദ്ധതിക്കായി കൊണ്ടുപോകാനുള്ള ജലവിഭവ വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമാണ്. അതുകൊണ്ട് മുൻ സർക്കാരുകൾ തീരുമാനിച്ചതു പോലെ മീനച്ചിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ബാബു പോൾ ആവശ്യപ്പെട്ടു.