പുനരുദ്ധരിച്ച കടമറ്റം പള്ളി കൂദാശ ഇന്ന്
1511601
Thursday, February 6, 2025 4:24 AM IST
കോലഞ്ചേരി: എഡി ഒമ്പതാം നൂറ്റാണ്ടിൽ സ്ഥാപിതമായ കടമറ്റം പള്ളി പുനരുദ്ധരിച്ചതിന്റെ കൂദാശ ഇന്ന് നടക്കും. കടമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചാണ് പള്ളിയുടെ കൂദാശ. പുരാവസ്തു വകുപ്പിന്റെ അനുമതിയോടു കൂടിയാണ് ജീർണാവസ്ഥയിലായ പള്ളി പുനരുദ്ധരിച്ചതെന്ന് വികാരി ഫാ. സണ്ണി വർഗീസ്, സഹവികാരി ഫാ. എൽദോ മത്തായി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. മൂന്ന് വർഷമെടുത്തു നിർമാണം പൂർത്തിയാക്കാൻ.
സ്വിറ്റ്സർലന്റുകാരനായ ആർക്കിടെക്ച്ചർ കാൾഡാംഷൈയുടെ നേതൃത്വത്തിലായിരുന്നു പുനനിർമാണം. പച്ചിലച്ചാറുകളും വിവിധ സംസ്ഥാനങ്ങളിലെ മണ്ണുകളും ചാലിച്ചുണ്ടായ പ്രകൃതിദത്ത നിറങ്ങൾകൊണ്ട് മദ്ബഹായിലെ പൗരാണിക ചിത്രങ്ങൾ തെളിച്ചെടുത്തത് മ്യൂറൽ പെയിന്റിംഗിൽ വിദഗ്ധനായ ജിജുലാലാണ്. സിയാലിൽനിന്ന് റിട്ടയർ ചെയ്ത എൻജിനീയർ കെ.പി. തങ്കച്ചൻ, ട്രസ്റ്റിമാരായ സി.കെ. പൗലോസ്, സോജൻ മറ്റത്തിൽ, സെക്രട്ടറി ജോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണം നടന്നത്.
ഇന്ന് വൈകിട്ട് ആറിന് കൊടിമരം കൂദാശയ്ക്കു ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ദേവാലയം കൂദാശ ചെയ്യും.