‘വർധിപ്പിച്ച തൊഴിൽ നികുതി ഒഴിവാക്കണം’ : നഗരസഭാ സെക്രട്ടറിക്ക് നിവേദനം നൽകി
1511600
Thursday, February 6, 2025 4:24 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വ്യാപാരികളിൽ അന്യായമായി വർധിപ്പിച്ച തൊഴിൽ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്കലിന്റെ നേതൃത്വത്തിൽ സെക്രട്ടറി ഗോപകുമാർ കലൂർ, ഭാരവാഹികളായ നിയാസ്, പി.യു. ഷംസുദ്ധീൻ, പി.എം. സലിം എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
നികുതി കണക്കാക്കുന്നത് കച്ചവടം കണക്കാക്കിയാണെന്നും നിലവിൽ മൂവാറ്റുപുഴയിൽ കച്ചവടം ദിവസവും കുറഞ്ഞുവരികയാണെന്നും വ്യാപാരികൾ നിവേദനത്തിൽ പറഞ്ഞു. 2018ലുണ്ടായ മഹാപ്രളയത്തിൽ 1000 ത്തോളം വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. പിന്നീട് കോവിഡ് വ്യാപകമായത്തിനാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുകയും ചെയ്തതോടെ ദുരിതം ഇരട്ടിയായി.
നിലവിൽ ഗതാഗതക്കുരുക്കു കൊണ്ട് നഗരം വീർപ്പുമുട്ടുകയാണ്. പാർക്കിംഗ് ഇല്ലാത്ത ബുദ്ധിമുട്ടും അനധികൃത വഴിയോര കച്ചവടവുമെല്ലാം വ്യാപാരികൾക്ക് ഇരുട്ടടിയായിരിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.