കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കാൻ നിവേദനം നൽകി
1511598
Thursday, February 6, 2025 4:14 AM IST
കോതമംഗലം: വടാട്ടുപാറയിലേക്ക് കെഎസ്ആർടിസി ബസുകൾ പുനരാരംഭിക്കാൻ മന്ത്രിക്ക് നിവേദനം നൽകി. വടാട്ടുപാറ പലവൻപടിയിൽനിന്നും കോതമംഗലത്തേക്ക് സർവീസ് നടത്തിയിരുന്ന രണ്ട് കെഎസ്ആർടിസി ബസുകൾ നിർത്തിയിട്ട് നാല് വർഷമായി.
പതിനായിരക്കണക്കിന് ജനങ്ങൾ അധിവസിക്കുന്നതും ആയിരക്കണക്കിന് വിദ്യാർഥികളും യാത്രക്കാരും പഠനത്തിനും ജോലി സംബന്ധമായും യാത്ര ചെയ്യുന്ന പ്രദേശത്തുനിന്നു രാവിലെ 7.50നും 8.50നും പുറപ്പെടുന്ന ബസുകളും രാത്രിയിൽ വടാട്ടുപാറയിൽ സ്റ്റേ ചെയ്തിരുന്ന കെഎസ്ആർടിസി ബസും നിലവിൽ സർവീസ് നടത്താത്തതു മൂലം യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ട്.
കോതമംഗലം ഡിപ്പോയിൽനിന്നു വടാട്ടുപാറ, ഇടമലയാർ, താളുംകണ്ടം വഴി പൊങ്ങൻചുവട് ആദിവാസികുടിയിലേക്ക് കെഎസ്ആർടിസി മിനി ബസ് സർവീസ് ആരംഭിക്കാൻ എംഎൽഎമാരുടെ നേതൃത്വത്തിൽ ട്രയൽ ഓട്ടം ആഘോഷമായി നടത്തിയെങ്കിലും പിന്നീട് ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല.
എത്രയും വേഗം സർവീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ഗണേഷ്കുമാറിനും കോതമംഗലം എടിഒയ്ക്കും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറന്പേൽ, സാബു ജോസ്, പി.വി. ബിജു, ബേബി പോൾ, ജോണി കണ്ണാടൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.