മൂവാറ്റുപുഴ മണ്ഡലത്തിലെ ആദ്യ വാട്ടർ എടിഎം കല്ലൂർക്കാടിന് സ്വന്തം
1511597
Thursday, February 6, 2025 4:14 AM IST
മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിലെ ആദ്യ വാട്ടർ എടിഎം കല്ലൂർക്കാട് ബസ് സ്റ്റാന്‍ഡിൽ ഒരുങ്ങുന്നു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിവാഗോ തോമസ് അനുവദിച്ച അഞ്ച് ലക്ഷം മുടക്കിയാണ് കല്ലൂർക്കാട് ബസ് സ്റ്റാന്‍ഡിൽ വാട്ടർ എടിഎം ഉദ്ഘാടനത്തിനായി ഒരുങ്ങുന്നത്. തൃശൂർ വാട്ടർ വേൾഡിനാണ് നിർമാണ ചുമതല. പ്രത്യേക രൂപകൽപ്പന ചെയ്ത ബൂത്താണ് സജ്ജീകരിച്ചിരിക്കുന്നത്. 750 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിൽനിന്നു തണുത്തതും തണുക്കാത്തതുമായ കുടിവെള്ളം ലഭ്യമാകും.
ജല അഥോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇത് ശുദ്ധീകരിക്കുന്നതിനും തണുപ്പിക്കുന്നതിനുമുള്ള സജ്ജീകരണങ്ങളുമുണ്ട്. രണ്ട് രൂപയുടെ ഏത് കോയിൻ ഇട്ടാലും ഒരു ലിറ്റർ വെള്ളം ഉപഭോക്താവിന് ലഭിക്കുന്ന രീതിയിലാണ് വാട്ടർ എടിഎം ഒരുക്കിയിരിക്കുന്നത്. സാമൂഹ്യ വിരുദ്ധരുടെ ദുരുപയോഗം തടയുന്നതിനായി എടിഎമ്മിൽ കാമറ നിരീക്ഷണവും ഒരുക്കിയിട്ടുണ്ട്.
വെള്ളം എടുക്കുന്നതിന് ഉപഭോക്താവ് തന്നെ ബോട്ടിലുകൾ കരുതണം. ഇങ്ങനെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ കഴിയും. ബസ് സ്റ്റാന്‍ഡിൽ ബസ് കാത്ത് നിൽക്കുന്ന വിദ്യാർഥികൾ അടക്കമുള്ളവർ കുടിവെള്ളം സമീപത്തെ കടകളിൽനിന്നു ചോദിച്ച് വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് ആശയം ഉദിച്ചതെന്ന് അംഗം ഷിവാഗോ തോമസ് പറഞ്ഞു. പദ്ധതിയുടെ നിർമാണം പൂർത്തിയാക്കി കല്ലൂർക്കാട് പഞ്ചായത്തിന് കൈമാറും.