ചൂർണിക്കരയിലെ ലൈഫ് പദ്ധതി ഭൂമി: താലൂക്ക് ഹിയറിംഗ് നടന്നു
1511596
Thursday, February 6, 2025 4:14 AM IST
ആലുവ: ചൂർണിക്കര ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയ്ക്ക് കണ്ടെത്തിയ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ആലുവ താലൂക്ക് ഓഫീസിൽ ഹിയറിംഗ് നടന്നു. താലൂക്ക് ഭൂരേഖ തഹസിൽദാർ ജയേഷ് ആണ് ഹിയറിംഗ് നടത്തിയത്.
ചൂർണിക്കര വില്ലേജ് ഓഫീസർ അമ്പിളി, പഞ്ചായത്തംഗം കെ.കെ. ശിവാനന്ദൻ, ലൈഫ് ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടി, ദേശായി ഗ്രൂപ്പ് പ്രതിനിധി അഫ്സൽ, താലൂക് സർവേയർ സുരേഷ് ബാബു എന്നിവരാണ് പങ്കെടുത്തത്. പഞ്ചായത്ത് സെക്രട്ടറി പങ്കെടുത്തില്ല.
ഇതുവരെ അളന്ന സ്ഥലങ്ങളുടെ സർവേ പൂർത്തിയാക്കി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ആക്ഷൻ കമ്മിറ്റിയംഗങ്ങളെ ഭൂരേഖ തഹസിൽദാർ ജയേഷ് അറിയിച്ചു.
ചൂർണ്ണിക്കര പഞ്ചായത്ത് 16-ാം വാർഡിൽ അഞ്ച് സർവേ നമ്പറുകളിലായി കിടക്കുന്ന 22 ഏക്കർ 85 സെന്റ് ഭൂമിയാണ് പുറമ്പോക്ക് ഭൂമിയായി കണ്ടെത്തിയിരിക്കുന്നത്.
ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അതിർത്തി നിർണയം മുഴുവനായി നടത്തി ലൈഫ് പദ്ധതിക്ക് കൈമാറണമെന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം.