കോതമംഗലം രൂപത മിഷൻ ലീഗ് ഹോം പ്രോഗ്രാം സമാപിച്ചു
1491829
Thursday, January 2, 2025 4:57 AM IST
കോതമംഗലം: കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തിയ മിഷൻ ലീഗ് ഹോം പ്രോഗ്രാം സമാപിച്ചു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള 125 കുടുംബങ്ങളാണ് പ്രോഗ്രാമിൽ പങ്കെടുത്തത്. ടാസ്കുകളിലൂടെയും ഗെയിമുകളിലൂടെയും കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനും ചിരിച്ച് കളിച്ച് വിശ്വാസത്തിലും സ്നേഹത്തിലും ഒന്നിച്ചു മുന്നേറുവാനും ഇത് സഹായകമായി.
വാഴക്കുളം വിശ്വജ്യോതി കോളജിൽ നടത്തിയ സമാപന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു.
സമാപന സമ്മേളനം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
മിഷൻലീഗ് രൂപതാ പ്രസിഡന്റ് ഡെണ്‍സണ്‍ ഡോമിനിക് അധ്യക്ഷത വഹിച്ചു. വികാരി ജനറാൾമാരായ മോണ്‍. പയസ് മലേക്കണ്ടത്തിൽ, മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, മിഷൻലീഗ് ഡയറക്ടർ രൂപതാ ഫാ. മാത്യു രാമനാട്ട്, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. ജോസ് കിഴക്കേൽ, ഹോം പ്രോഗ്രാം പ്രധിനിധി ജോർജ് നെടുങ്കല്ലേൽ എന്നിവർ പ്രസംഗിച്ചു.
കോർപറേറ്റ് ട്രെയിനർ ജെയ്സണ്‍ അറക്കൽ ക്ലാസ് നയിച്ചു.ഹോം പ്രോഗ്രാമിൽ പങ്കെടുത്ത 125 കുടുംബങ്ങളെയും സമ്മേളനത്തിൽ ആദരിച്ചു. വൈദികരും സന്യസ്തരും ഹോമിലെ കുടുംബങ്ങളും ഉൾപ്പെടെ 700ലധികം ആളുകൾ പങ്കെടുത്തു.