തിരുനാളിന് കൊടിയേറി
1491826
Thursday, January 2, 2025 4:47 AM IST
ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ
പിറവം: ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥരായ പൂജ രാജാക്കന്മാരുടെ രാക്കുളി തിരുനാളിന് വികാരി ഫാ. തോമസ് പ്രാലേൽ കൊടിയേറ്റി.
ഫാ.മാത്യു മണക്കാട്ട്, ഫാ.ജോസ് ചക്കാലക്കൽ, ഫാ.സുനോജ് കുടിലിൽ, ഫാ.ജോസ് കുറുപ്പന്തറയിൽ, പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രൽ വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ,
കൈക്കാരൻമാരായ ജിൻസ് ബേബി വിരിയപ്പിള്ളിൽ, ജയ്മോൻ വാഴമലയിൽ, ബേബി കോറപ്പിള്ളിൽ, തിരുന്നാൾ കണ്‍വീനർ ജിജോ ചെമ്മനാട്ട്, തിരുന്നാൾ പ്രസുദേന്തി ജിബിൻ ജോർജ് കാരുളിൽ എന്നിവർ പങ്കെടുത്തു. അഞ്ചുവരെ ദിവസവും വൈകുന്നേരം 6.30ന് ലദീഞ്ഞും, കുർബാനയും, നൊവേനയും നടക്കും.
അഞ്ചിന് വൈകുന്നേരം ഏഴിന് ന്യൂബസാറിൽ കിഴക്കേകുരിശു പള്ളിയിൽ ലദീഞ്ഞിന് ശേഷം ഫെറോന പള്ളിയിലേക്ക് ടൗണ്‍ ചുറ്റി പ്രദക്ഷിണം ആരംഭിക്കും.
തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ആറിന് രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.30 ന് ആഘോഷമായ തിരുനാൾ. തുടർന്ന് പ്രദക്ഷിണം.രാത്രി ഏഴിന് പള്ളി ഗ്രൗണ്ടിൽ മ്യൂസിക്കൽ നൈറ്റ് നടക്കും. ഏഴിന് രാവിലെ 6.30 ന് സെമിത്തേരി സന്ദർശനവും കുർബാനയും നടക്കും.
പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ
പിറവം: ചരിത്ര പ്രസിദ്ധമായ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിൽ ആറ് ദിവസം നീണ്ടു നിൽക്കുന്ന ദനഹാ പെരുന്നാളിന് തുടക്കം കുറിച്ച് ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റി.
ഇന്നു മുതൽ നാലുവരെയുള്ള ദിവസങ്ങളിൽ എന്നും രാവിലെ 6.45 ന് പ്രഭാത പ്രാർഥനയും 7.15 ന് വിശുദ്ധ കുർബാനയും വൈകിട്ട് ആറിന് സന്ധ്യാ പ്രാർത്ഥനയും നടക്കും. നാലിന് വൈകുന്നേരം 6.30 ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഗാനമത്സരം. അഞ്ചിന് രാവിലെ 6.45നും 8.30നും വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് പേപ്പതി ചാപ്പലിൽ നിന്ന് ആഘോഷമായ പ്രദക്ഷിണം പിറവം പട്ടണം ചുറ്റി രാത്രി 8.30 ന് ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് ആശീർവാദം നേർച്ചസദ്യ. ആറിന് 7.30 ന് വിശുദ്ധ ദനഹാ ശ്രുശ്രുഷ, ഒന്‍പതിന് വിശുദ്ധ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികരാകും.11.30 ന് കരവട്ടെ കുരിശിലേക്ക് പ്രദക്ഷിണം, 12 ന് ധൂപപ്രാർത്ഥന,12.30 ന് ലുത്തിനിയ, ഒന്നിന് സ്ലീബാ ഏഴുന്നള്ളിപ്പ്.
സെന്റ് മേരീസ് യാക്കോബായ കത്തീഡ്രലിൽ
പിറവം: രാജാധിരാജ സെന്റ് മേരീസ് യാക്കോബായ കത്തീഡ്രൽ ഇടവകയിലെ വിശുദ്ധ ദനഹാ പെരുന്നാളിന് കൊടിയേറി. ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ ഈവാനിയോസ് കൊടിയേറ്റി. രണ്ടു മുതൽ നാലു വരെയുള്ള ദിവസങ്ങളിൽ രാവിലെ ഏഴിന് വിശുദ്ധ കുർബാനയും, വൈകിട്ട് സന്ധ്യ പ്രാർത്ഥനയും നടക്കും.
നാലിന് പേപ്പതി ചാപ്പലിൽ രാവിലെ എട്ടിന് വിശുദ്ധ കുർബാനയും, വൈകിട്ട് 5.30 ന് സന്ധ്യ പ്രാർത്ഥനയും തുടർന്ന് പ്രദക്ഷിണവും. അഞ്ചിന് രാവിലെ 8. 30 ന് പേപ്പതി ചാപ്പലിൽ ഐസക്ക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത വിശുദ്ധ മുന്നിന്മേൽ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും.
വൈകുന്നേരം അഞ്ചിന് ചരിത്ര ദനഹാ പെരുന്നാൾ പ്രദക്ഷിണം പേപ്പതി ചാപ്പലിൽ നിന്നാരംഭിക്കും. പ്രധാന പെരുന്നാൾ ദിവസമായ അറിന് ദനഹ ശുശ്രൂഷ, മൂന്നിന്മേൽ കുർബാന, ടൗണ്‍ ചുറ്റി പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും. മാത്യൂസ് മോർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിലാണ് ചടങ്ങുകൾ.