ടാങ്കര്‍ കുടിവെള്ള വിതരണം : നിരക്ക് കുത്തനെ വര്‍ധിപ്പിച്ചു
1491832
Thursday, January 2, 2025 4:58 AM IST
കൊച്ചി: ടാങ്കര്‍ ലോറികള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് ഇനി മുതല്‍ ഇരട്ടി വില നല്‍കണം. 2000 ലിറ്ററിന് 1000 രൂപയും 6000 ലിറ്ററിന് 1800 രൂപയും 12000 ലിറ്ററിന് 2500 രൂപയുമായാണ് വര്‍ധിപ്പിച്ചത്. 50 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് വര്‍ധന. 18000 ലിറ്റര്‍ ശേഷിയുള്ള വാഹനങ്ങളിലാണ് വെള്ളം എത്തിക്കേണ്ടതെങ്കില്‍ അടിസ്ഥാന നിരക്കിന് പുറമേ ഓരോ കിലോമീറ്ററിന് 190 രൂപ ഈടാക്കും.
ജില്ലാ ഡ്രിംഗിംഗ് വാര്‍ട്ടര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷനാണ് വില കൂട്ടിയിരിക്കുന്നത്. അതേസമയം കോര്‍പറേഷനും ജല അഥോറിറ്റിയും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന് വില വര്‍ധിപ്പിച്ചിട്ടില്ല. വീടുകളിലേക്കും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളാണ് ടാങ്കറില്‍ വെള്ളം എത്തിക്കുക.
കൂടുതല്‍ അളവില്‍ വെള്ളം ആവശ്യമുള്ള ഫ്ലാറ്റുകള്‍, റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍, കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് വിലവര്‍ധന പ്രധാനമായും ബാധിക്കുക. കോസ്റ്റ്ഗാര്‍ഡ്, ഇന്ത്യന്‍ നേവി തുടങ്ങിയ ഇടങ്ങളിലേക്കും സ്വാകാര്യ ടാങ്കര്‍ വഴിയാണ് വെള്ളം എത്തിക്കുന്നത്. ഇത്തരത്തില്‍ ദിവസേന 450 ലേറെ ടാങ്കറുകളിലാണ് വലിയ തോതില്‍ നഗരത്തില്‍ കുടിവെള്ള വിതരണം നടക്കുന്നത്.
ഇന്ധന, മെയിന്റനൻസ് ചെലവ്, തൊഴിലാളികളുടെ കൂലി എന്നിവയിലുണ്ടായ വര്‍ധനയാണ് വില കൂട്ടാന്‍ കാരണമെന്നാണ് ജില്ലാ ഡ്രിംഗിംഗ് വാര്‍ട്ടര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ വിശദീകരണം. വെള്ളം കിട്ടാനില്ല എന്നതും പ്രതിസന്ധിയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 11 വര്‍ഷമായി ടാങ്കര്‍ കുടിവെള്ളത്തിന്റെ വില വര്‍ധിപ്പിച്ചിരുന്നില്ല.
സമസ്ത മേഖലയിലും വില വര്‍ധിച്ചപ്പോള്‍ അതിനാനുപാതികമായ വര്‍ധനവാണ് കുടിവെള്ള വിതരണത്തിലും വരുത്തേണ്ടി വന്നതെന്ന് അസോസിയേഷന് സെക്രട്ടറി ആര്. രാമചന്ദ്രന് പറഞ്ഞു.
അതേസമയം വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകളുടെ സംഘടനയും ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനുകളും രംഗത്തെത്തി. അവശ്യ വസ്തുക്കളടക്കം സര്‍വതിനും വിലകൂടിയതിന്റെ വിഷമതകള്‍ അനുഭവിക്കുന്നതിനിടെ വെള്ളത്തിനും വില കുത്തനെ വര്‍ധിപ്പിച്ചത് ഹോട്ടല്‍ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാല്‍ പറഞ്ഞു.
സ്വകാര്യ ജല വിതരണം സംവിധാനങ്ങള്‍ തന്നിഷ്ടപ്രകാരം വില വര്‍ധിപ്പിക്കുന്നത് സര്‍ക്കാര്‍ ഒരു നിലയിലും ഇടപെടാത്തതു കൊണ്ടാണെന്ന് ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷനടക്കം കുറ്റപ്പെടുത്തി.