ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതി: സ്ഥലം വിട്ടുനൽകാതെ കച്ചവടക്കാർ
1491819
Thursday, January 2, 2025 4:47 AM IST
ആലുവ: 50 കോടി രൂപയുടെ ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ നിർമാണ പദ്ധതി കച്ചവടക്കാരുടെ നിസഹരണം കാരണം പ്രതിസന്ധിയിൽ. ഡിസംബർ 26നകം സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് 51 കച്ചവടക്കാർക്ക് നഗരസഭ നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല.
പദ്ധതിക്കെതിരെ കോടതിയെ സമീപിച്ച കച്ചവടക്കാർക്ക് പ്രതികൂലമായി ഒഴിഞ്ഞു പോകണമെന്ന വിധിയാണ് ഹൈക്കോടതി നൽകിയത്. കച്ചവടക്കാർക്ക് പകരം സ്ഥലം കണ്ടെത്തി നൽകണമെന്നായിരുന്നു കോടതി വ്യവസ്ഥ.
ഇതു പാലിച്ചെങ്കിലും കച്ചവടക്കാർ ഒഴിയാൻ തയ്യാറാകാത്തതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുക്കുന്നത്. സ്വകാര്യ വ്യക്തിയുടെ ഒന്നേകാൽ ഏക്കറോളം സ്ഥലം പദ്ധതി പ്രദേശത്തിന് സമീപത്ത് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലക്ഷം രൂപയും 18 ശതമാനം ജിഎസ്ടിയും പ്രതിമാസ വാടകയായി കച്ചവടക്കാർ നൽകണമെന്നാണ് വ്യവസ്ഥ. ഉണക്ക മത്സ്യ മാർക്കറ്റിന് ചതുരശ്ര അടിക്ക് 30 രൂപ നിരക്കിലും പച്ചക്കറി, പച്ചമത്സ്യ കച്ചവടത്തിന് ചതുരശ്ര അടിക്ക് 25 രൂപ നിരക്കിലും വാടക നൽകണം.
സ്റ്റാളുകളുടെ രൂപരേഖയെല്ലാം തയാറാക്കി നഗരസഭ കോടതിക്ക് കൈമാറി. ഈ ആഴ്ച അവസാനവട്ട ഒഴിപ്പിക്കൽ നോട്ടീസ് നൽകും. മാറിയില്ലെങ്കിൽ പോലീസ് സഹായം തേടും. കൂടാതെ കോടതിയലക്ഷ്യത്തിന് കേസും നൽകാനാണ് നഗരസഭയുടെ തീരുമാനം.
എന്നാൽ പുതിയ കെട്ടിടം നിർമ്മിക്കാൻ മുറിക്ക് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ പത്ത് വർഷം മുമ്പ് അഡ്വാൻസ് നൽകിയ 80 ഓളം കച്ചവടക്കാരുണ്ട്. പലിശ ഉപയോഗിച്ച് താത്കാലിക ഷെഡ് തയ്യാറാക്കി തന്നാൽ മാറാമെന്ന് വ്യാപാരികൾ പറഞ്ഞു.
പദ്ധതി പ്രദേശത്തെ താത്കാലിക ഷെഡിൽ കച്ചവടം നടത്തുന്ന 51 പേരിൽ 13 പേർ മാത്രമാണ് നിലവിൽ നഗരസഭക്ക് തറവാടക നൽകുന്നത്. തറവാടക നൽകാത്തവരാണ് ഒഴിയാൻ താത്പര്യം കാണിക്കാത്തതെന്നാണ് ആക്ഷേപം.
പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയിൽ നിന്നും 30 കോടിയും സംസ്ഥാന സർക്കാരിന്റെ വിഹിതമായി 20 കോടിയുമാണ് നിർമാണത്തിന് അനുവദിച്ചിട്ടുള്ളത്. തീരദേശ വികസന കോർപറേഷൻ ഇന്നോ നാളെയോ അപേക്ഷ നൽകിയ നാല് കമ്പനികളിൽ ഒരു കരാർ കമ്പനിയെ നിശ്ചയിക്കും.