കൊച്ചിൻ കാർണിവൽ റാലി ഇന്ന്; വിപുലമായ ഒരുക്കങ്ങൾ
1491813
Thursday, January 2, 2025 4:36 AM IST
ഫോർട്ടുകൊച്ചി: പുതുവത്സരദിനത്തിൽ നടക്കുന്ന കൊച്ചിൻ കാർണിവൽ റാലി ഇന്ന് നടക്കും. വൈകിട്ട് 3ന് ഫോർട്ട്കൊച്ചി വെളിയിൽ നിന്നാണ് റാലി തുടങ്ങുന്നത്. റാലിയിൽ പങ്കെടുക്കുന്ന ഫ്ലോട്ടുകൾ, കലാരൂപങ്ങൾ, പ്രച്ഛന്നവേഷങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ ഇന്നലെ സംഘാടകർ പൂർത്തിയാക്കി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ നിര്യാണത്തിൻ ഔദ്യോഗിക ദുഖാചരണത്തെ തുടർന്ന് മാറ്റി വച്ചിരുന്ന റാലിയാണ് ഇന്ന് നടക്കുന്നത്.
കെ.ബി. ജേക്കബ് റോഡ് വഴി പരേഡ് മൈതാനിയിലെത്തി സമാപിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങളും വിതരണം നടക്കും. തുടർന്ന് പരേഡ് ഗ്രൗണ്ടിൽ ഗോകുൽ ഗോപകുമാർ, അഞ്ജു ജോസഫ് എന്നിവരുടെ മ്യുസിക് നൈറ്റ് അരങ്ങേറും.കൊച്ചിൻ കാർണിവലിനോടനുബന്ധിച്ച് നടത്തുന്ന ഏറെ ജനപങ്കാളിത്തമുള്ള സാംസ്ക്കാരിക ഘോഷയാത്രയാണ് കാർണിവൽ റാലി.
നാടിന്റെ സാംസ്കാരിക പൈതൃകത്തെ ഉൾക്കൊള്ളുന്ന രീതിയിലുള്ള വേഷങ്ങളാകും റാലിയിൽ പ്രദർശിപ്പിക്കുന്നത്. നിരവധി ഫ്ലോട്ടുകൾ രജിസ്ട്രഷൻ നടത്തിയിട്ടുണ്ട്. കൂടാതെ പ്രഛന്ന വേഷങ്ങൾ അണിഞ്ഞെത്തുന്നവർരും റാലിയിൽ ഉണ്ടാകും. ഏകാംഗ, ഗ്രൂപ്പ് തല പ്രഛന്ന വേഷങ്ങളും നിശ്ചല ദൃശ്യങ്ങളും കാർണിവൽ റാലിക്ക് മാറ്റ് കൂട്ടും.
ഫ്ലോട്ടുകൾ കൂടാതെ പഞ്ചവാദ്യം, മുത്തുക്കുട, കാവടി, ശിങ്കാരിമേളം, പലിശ മുട്ടുകളി, തെയ്യം, പുലികളി, കോൽകളി, മയിലാട്ടം, സ്ത്രീകളുടെ ചവിട്ടുനാടകം എന്നിവയും റാലിയിൽ അണി നിരക്കും.
റാലിയിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട മാർഗരേഖ കാർണിവൽ കമ്മിറ്റി മത്സരാർത്ഥികൾക്ക് നേരത്തെ തന്നെ നൽകിയിട്ടുണ്ട്. ഫോർട്ടുകൊച്ചി വെളിയിൽ നിന്നാരംഭിക്കുന്ന റാലിയിൽ ഇത്തവണ ആന ഉണ്ടാകില്ല, പകരം റോബോട്ടിക്ക് ആനയാകും തിടമ്പേറ്റുന്നത്.
റാലിയിൽ ഹൈബി ഈഡൻ എംപി, കെ.ജെ. മാക്സി എംഎൽഎ, മേയർ എം. അനിൽകുമാർ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, സബ് കളകടർ കെ.മീര, ജനപ്രതിനിധികൾ, രാഷ്ട്രീയ -സാംസ്കാരിക സാമൂഹ്യ സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുമെന്ന് ജനറൽ കൺവീനർ എ. എച്ച്, ഹിദായത്ത്, സെക്രട്ടറി എം. സോമൻ മേനോൻ എന്നിവർ അറിയിച്ചു.