കൈക്കൂലി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കു സസ്പെൻഷൻ
1491812
Thursday, January 2, 2025 4:36 AM IST
ആലുവ: ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ ഏജന്റിൽ നിന്ന് 7,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ ആലുവ സബ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എ. താഹിറുദീനെ സസ്പെൻഡ് ചെയ്തു.
എറണാകുളം ആർടിഒ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജ് ചക്കിലമാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ ഉത്തരവിട്ടത്.
കഴിഞ്ഞ 28ന് വൈകിട്ട് ആലുവ പാലസ് റോഡിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരുടെ ഇടനിലക്കാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ താഹിറുദീനെ അറസ്റ്റ് ചെയ്തത്. വാഹനത്തിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ച തുകയാണു പിടിച്ചെടുത്തത്.
ജോയിന്റ് ആർടിഒയുടെ സാന്നിധ്യത്തിൽ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ഹാജരും സ്വകാര്യ പണവും അതാത് രജിസ്റ്ററുകളിൽ താഹിറുദീൻ രേഖപ്പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയിരുന്നു. കേരള സിവിൽ സർവീസസ് നിയമത്തിലെ ചട്ടം 10 പ്രകാരമാണു സസ്പെൻഷൻ.