ഭവനനിര്‍മാണ പദ്ധതികള്‍ക്ക് സഹായധനം വര്‍ധിപ്പിക്കണം: പ്രതിപക്ഷ നേതാവ്
1491818
Thursday, January 2, 2025 4:47 AM IST
പെരുമ്പാവൂര്‍: സര്‍ക്കാര്‍ അനുവദിക്കുന്ന ഭവന നിര്‍മാണ പദ്ധതികളുടെ സഹായധനം വര്‍ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. നിയമസഭയില്‍ ഈക്കാര്യം ഗൗരവമായി അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിഎംഎവൈ ഗുണഭോക്താക്കള്‍ക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് നല്കുന്ന ആദ്യ ഗഡു വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന് പദ്ധതിയില്‍ നിര്‍മിച്ച 1000-ാമത് ഭവനത്തിന്റെ താക്കോല്‍ ദാനവും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിര്‍മിക്കുന്ന കൃഷി ഓഫീസിന്റെ നിര്‍മാണോദ്ഘാടനവും പ്രതിപക്ഷ നേതാവ് നിര്‍വഹിച്ചു.
എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ബെന്നി ബെഹന്നാന് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍, അംബിക മുരളീധരന്, എന്‍.പി. അജയകുമാര്‍, പി.പി. അവറാച്ചന്, മായ കൃഷ്ണകുമാര്‍, ടി.എന്‍. മിഥുന്, ഷൈമി വര്‍ഗീസ്, ശാരദ മോഹന്‍, എന്‍.എം. സലിം തുടങ്ങിയവർ പ്രസംഗിച്ചു.