ആവോലി ഫെസ്റ്റും വീടുകളുടെ താക്കോൽ ദാനവും
1491822
Thursday, January 2, 2025 4:47 AM IST
വാഴക്കുളം: ആവോലി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള ആവോലി ഫെസ്റ്റ് ആനിക്കാട് ചിറപ്പടിയിൽ നാളെ ആരംഭിക്കും. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെ സമാഹരിച്ച തുകയും ലൈഫ് ഭവനപദ്ധതി വിഹിതവും ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച 13 വീടുകളുടെ താക്കോൽദാനവും ഇതോടനുബന്ധിച്ച് നടത്തും.
നാലാം വാർഡിലെ സ്വപ്ന ഭൂമിക്കു സമീപം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ വാങ്ങി നൽകിയ മൂന്നു സെന്റു വീതമുള്ള 39 സെന്റിലാണ് 13 വീടുകൾ.ലൈഫ് ഭവന പദ്ധതിയിലെ നാലു ലക്ഷത്തിനു പുറമേ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഭാവനയായി സമാഹരിച്ച തുകയും സുമനസുകളുടെ വിഹിതവും ചേർത്താണ് വീടുകൾ പണി പൂർത്തീകരിച്ചിട്ടുള്ളത്.
നാളെ വൈകുന്നേരം 5.30ന് ആനിക്കാട് ചിറപ്പടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ആവോലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് യോഗത്തിൽ അധ്യക്ഷത വഹിക്കും.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം സിബിൾ സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, സ്ഥിരം സമിതി അധ്യക്ഷരായ ആൻസമ്മ വിൻസെന്റ്, വി.എസ്. ഷെഫാൻ,ബിന്ദു ജോർജ് തുടങ്ങിയവർ പ്രസംഗിക്കും. കുടുംബശ്രീ അംഗങ്ങളുടെയും പഞ്ചായത്തുതല കലാപ്രതിഭകളുടെയും വിവിധ കലാപരിപാടികൾ തുടർന്ന് നടത്തും.
7.30ന് ജ്വാല കലാസമിതി അവതരിപ്പിക്കുന്ന ചെണ്ട ഫ്യൂഷൻ. നാലിന് വൈകുന്നേരം 6.30ന് വിവിധ കലാപരിപാടികൾ. 7.30 ന് ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന ഗാനമേള. അഞ്ചിന് വൈകുന്നേരം 4.30ന് സമാപന സമ്മേളനം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.വീടുകളുടെ താക്കോൽദാനം ഡീൻ കുര്യാക്കോസ് എംപി നിർവഹിക്കും.
കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ വിശിഷ്ട വ്യക്തികളെ ആദരിക്കും. മുൻ എംഎൽഎ എൽദോ ഏബ്രഹാം മുഖ്യപ്രഭാഷണം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് അധ്യക്ഷത വഹിക്കും. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് കൊയ്ത്താനത്ത്, പഞ്ചായത്ത് അംഗം ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. 6.30ന് വിവിധ കലാപരിപാടികൾ. എട്ടിന് കൊച്ചിൻ മിമിക്സ് മീഡിയ അവതരിപ്പിക്കുന്ന മ്യൂസിക് കോമഡി മെഗാഷോ.